
കൽപ്പറ്റ: കൂട്ടുകാരൻ സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32) , പൂനൂര്‍ പിലാത്തോട്ടത്തില്‍ മുനീര്‍ (40) താമരശ്ശേരി തിയ്യര്‍തൊടുക വീട്ടില്‍ ഫാസില്‍ അലി (28) എളേറ്റില്‍ ചീനംതാപൊയില്‍ വീട്ടില്‍ അലി (62) എന്നിവരെയാണ് സി.ഐ കെ എസ് ജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പന്തിപ്പൊയിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോവുകയും കാറില്‍ വെച്ചും, രഹസ്യ സ്ഥലങ്ങളിലെത്തിച്ചും മര്‍ദിക്കുകയും, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കവര്‍ന്നെടുക്കുകയും ചെയ്യുകയായിരുന്നു.
തുടര്‍ന്ന് താമരശ്ശേരിയിൽ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതിനിടയില്‍ യുവാവ് സമീപത്തെ പള്ളിയിലേക്ക് ഓടി രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോകല്‍ പരാതി പ്രകാരം പടിഞ്ഞാറത്തറ പൊലീസ് കേസെടുത്ത് കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ആര്‍.സി ഉടമയെ കണ്ടെത്തി തന്ത്രപൂര്‍വം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ്ഐ മുരളീധരന്‍ , എസ്.സി.പി.ഒ ജംഷീര്‍, സിപിഒ നിസാബ് പാലക്കല്‍, ശ്രീജേഷ്, അനില്‍കുമാര്‍, സജീര്‍, സലാം, വിപിന്‍, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam