
തൃശ്ശൂർ: തൃശ്ശൂർ ശക്തൻ നഗറിൽ ഇരുതല മൂരിയുമായി(Western blind snake) നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഫ്ലയിങ് സ്ക്വാഡ് ഓഫിസർ ഭാസി ബാഹുലേയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അതേസമയം ഇത്തരം നിരോധിത വസ്തു കൈമാറ്റങ്ങളും കച്ചവടങ്ങളും തട്ടിപ്പുകളും സംസ്ഥാനത്ത് വ്യാപകമാകുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അമൂല്യ വസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയതിന് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 818 കേസുകളാണ്. നൂറ് കോടിയോളം രൂപ തട്ടിപ്പിനിരയായവരില്‍ നിന്നും നഷ്ടമായെന്നാണ് പൊലീസിന്‍റെ കൈവശമുള്ള കണക്ക്. സ്വര്‍ണ്ണച്ചേനയും വെള്ളിമൂങ്ങയും നക്ഷത്ര ആമയും റൈസ് പുള്ളറുമടക്കമുള്ള പല വിധ തട്ടിപ്പുകളിലാണ് മലയാളി തുടർച്ചയായി വീഴുന്നത്.
കേരളത്തില്‍ ഏറ്റവുമധികം ചെലവായ തട്ടിപ്പാണ് ഇറിഡിയം റൈസ് പുള്ളര്‍. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലയുള്ള ലോഹമാണ് ഇറിഡിയം. എന്നാല്‍ ആയിരം രൂപ പോലും വിലയില്ലാത്ത ലോഹക്കൂട്ട് കാണിച്ച് കോടികളാണ് പലരില്‍ നിന്നും തട്ടിയത്. ഇറിഡിയത്തിന് ന്യൂക്ലിയര്‍ പവര്‍ ഉണ്ടെന്നും നാസയ്ക്ക് വിറ്റാല്‍ ഒരു ലക്ഷം കോടി കിട്ടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് കഴിഞ്ഞ വര്‍ഷം ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്ന് 80 ലക്ഷം തട്ടി. അരിമണികളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന അവകാശവാദമാണ് റൈസ് പുള്ളര്‍ എന്ന പേര് വരാൻ കാരണം.
സാധുക്കളായ പല ജീവജാലങ്ങളേയും തട്ടിപ്പുകാര്‍ മറയാക്കി. സാത്താനെ ആകര്‍ഷിക്കാനും പണം സമ്പാദിക്കാനും മറ്റുള്ളവരെ വശീകരിക്കാനും വെള്ളിമൂങ്ങ പറ്റിയതാണെന്നായിരുന്നു പ്രചാരണം. കൊച്ചിയിലെ ഒരു ഡോക്ടറുടെ പക്കല്‍ നിന്ന് രണ്ട് വര്‍ഷം മുൻപ് തട്ടിപ്പുകാര്‍ വെള്ളിമൂങ്ങയെ നല്‍കി പറ്റിച്ചത് പത്ത് ലക്ഷം. മാരക രോഗങ്ങള്‍ ശമിപ്പിച്ച് ശരീരത്തിന് ഉത്തേജനം നല്‍കുമെന്ന് വിശ്വസിപ്പിച്ച് നക്ഷത്ര ആമയേയും വിറ്റ് കാശാക്കി.
വിദേശികളാണ് കൂടുതലും തട്ടിപ്പിനിരയായത്. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ കേന്ദ്രങ്ങളും എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പിടികൂടിയത് ആയിരക്കണക്കിന് നക്ഷത്ര ആമകളെയാണ്. ഇരുതലമൂരിയെ വീട്ടില്‍ വളര്‍ത്തിയാല്‍ ലൈംഗിക ഉത്തേജനമുണ്ടാകും എന്ന് വിശ്വിച്ച് പാമ്പിനെ വീട്ടില്‍ വളര്‍ത്തിയവരും നിരവധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam