
ബെംഗലൂരു: മതം മാറി പ്രണയിച്ചതിന് (Inter Faith relation) കര്‍ണാടകയില്‍ (Karnataka) വീണ്ടും കൊലപാതകം(Murder). യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി(Abducted and murdered) കുളത്തില്‍ ഉപേക്ഷിച്ചതായി പരാതി. കര്‍ണാടക സിന്ദ്ഗി താലൂക്കിലെ ബലഗാനൂര്‍ ഗ്രാമത്തിലാണ് ദാരുണ സംഭവം. 32കാരനായ രവി ശങ്കരപ്പ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്.
തന്റെ കാമുകന്റെ ജീവന്‍ അപകടത്തിലാണെന്നും തന്റെ മാതാപിതാക്കള്‍ അവനെ കൊലപ്പെടുത്തുമെന്നും പെണ്‍കുട്ടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം അയച്ചിരുന്നു. വെള്ളിയാഴ്ച വിജയപുര പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് പെണ്‍കുട്ടി ശബ്ദ സന്ദേശമയച്ചത്. പൊലീസ് ഇടപെടും മുമ്പേ യുവാവിന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. സന്ദേശം ലഭിച്ചയുടന്‍ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ച് സുരക്ഷിതയാക്കി.
വ്യാഴാഴ്ചയാണ് യുവാവിനെ കാണാതായത്. പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ പിതാവും മൂത്ത സഹോദരനും ഒളിവിലാണ്. പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മാവനും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം ഗ്രാമത്തിലെ കുളത്തില്‍ നിന്ന് കണ്ടെടുത്തതെന്ന് വിജയപുര എസ്പി എച്ച്ഡി ആനന്ദ് പറഞ്ഞു.
24 കാരിയായ യുവതിയുമായി രവി കഴിഞ്ഞ നാല് വര്‍ഷമായി അടുപ്പത്തിലാണ്. ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് യുവതിയുടെ ബന്ധുക്കള്‍ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. വീട്ടിലേക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയ രവി പിന്നെ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇയാളുടെ ചെരിപ്പും വസ്ത്രങ്ങളും സമീപത്തെ വയലില്‍ നിന്ന് കണ്ടെടുത്തു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരൂവെന്നും കുറ്റകൃത്യത്തില്‍ പങ്കുള്ള എല്ലാവരെയും പിടികൂടുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ബെലഗാവിയിലും ഇതര മതസ്ഥയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam