
ബെംഗളൂരു: ഷൂസുകൾ മോഷ്ടിക്കുന്ന കവർച്ചക്കാരുടെ സംഘം വീണ്ടും ബംഗളുരുവിൽ സജീവമാകുന്നു. ഇരുമ്പുവടികൾ അടക്കമുള്ള മാരകായുധങ്ങളുമേന്തിക്കൊണ്ട്, കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയുടെ മറവിൽ നഗരത്തിലെ കുമാരസ്വാമി ലേ ഔട്ടിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ കടന്നുവന്ന നാലംഗ കവർച്ച സംഘം മോഷ്ടിച്ച് കടന്നു കളഞ്ഞത് 55 ജോഡി സ്പോർട്സ് ഷൂസുകൾ. 'എന്തൊരു ദാരിദ്ര്യം പിടിച്ച കള്ളന്മാർ' എന്നൊക്കെ പരിഹസിക്കാൻ വരട്ടെ. നാലുപേരും കൂടി അടിച്ചു മാറ്റിയത് ഒന്നര ലക്ഷം രൂപയുടെ മുതലാണ് എന്ന് ബെംഗളൂരു മിറർ പത്രം റിപ്പോർട്ട് ചെയ്യുന്നു.
പ്രസ്തുത അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ 48 ഫ്ളാറ്റുകളുണ്ട്. പാതിയും അടച്ചിട്ട് ഉടമസ്ഥർ നാട്ടിൽ പോയിട്ടുണ്ട് എങ്കിലും, ബാക്കി പാതിയിൽ ആളുണ്ടായിരുന്നു. അവിടെ താമസിച്ച ആളുകളോ, ഫ്ളാറ്റിലെ സെക്യൂരിറ്റി ഗാർഡോ ഒന്നും അറിയാതെയാണ് കള്ളന്മാർ ഈ കൃത്യം നിർവഹിച്ചിട്ടുള്ളത്. രാവിലെ 3.10 -ന് സ്ഥലത്തെത്തിയ അവർ 4.00 മണിയോടെ വന്ന കാര്യം സാധിച്ച് ആരുമറിയാതെ സ്ഥലം വിടുകയും ചെയ്തു.
കയ്യിൽ നേരത്തെ കരുതിയിരുന്ന പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചാണ് അവർ ഇത്രയും ഷൂസുകൾ അവിടെ നിന്ന് കടത്തിയത്.
മുഖം മറച്ചുകൊണ്ട് വന്ന സംഘത്തിൽ ഒരാളുടെ കയ്യിൽ ആരെങ്കിലും ഉണർന്നെണീറ്റാൽ ആക്രമിക്കാൻ കണക്കാക്കി ഒരു ഇരുമ്പു വടി ഉണ്ടായിരുന്നു. ഈ അക്രമികൾ ഓരോ ഫ്ളാറ്റിന്റെയും മുന്നിൽ ചെന്ന് അവിടത്തെ ഷൂ റാക്ക് തുറന്നാണ് മോഷണം നടത്തിയിട്ടുളളത്. അതിനിടെ അവിടെ ആരെങ്കിലും ഉണർന്നെണീറ്റു നോക്കിയിരുന്നെങ്കിൽ അവർ അക്രമിക്കപ്പെട്ടിരുന്നേനെ. സംഭവത്തിന് ശേഷം ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ ആകെ ഭീതിയിലാണ്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam