
കോട്ടയം: കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടുന്നത്.
കാഞ്ഞിരപ്പള്ളി സബ് റീജീയണൽ ട്രാൻസ്പോർട്ട് ഓഫിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള നാല് പേർക്കാണ് കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിൽ സസ്പെൻഷൻ ലഭിച്ചത്. ആർ.ടി.ഒ ഓഫീസ് ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് എംവിഐ എസ് അരവിന്ദ്, എഎംവിഐ പി എസ് ശ്രീജിത്ത് എന്നിവർക്ക് സസ്പെൻഷൻ. സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 2021 സെപ്റ്റംബർ 14 ന് വിജിലൻസ് പൊൻകുന്നം ആർ ടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന് കിട്ടിയത്.
എംവിഐ ശ്രീജിത്തിൻ്റെ കൈയ്യിൽ നിന്നും കണക്കിൽ പെടാത്ത 6850 രൂപയും അന്ന് കണ്ടെടുത്തിരുന്നു. കൂടാതെ വാഹനങ്ങൾ ടെസ്റ്റ് ചെയ്യുന്നതിന് ഓരോ വാഹനത്തിനും 500 രൂപ വീതം കൈക്കൂലി വാങ്ങിയിരുന്നതായും കണ്ടത്തിയിരുന്നു. ഇതോടൊപ്പം ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവരുടെ പേരിൽ ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഗതാഗത വകുപ്പിന് വേണ്ടി ട്രാൻസ്പോർട്ട് കമ്മീഷണറായ ബിജു പ്രഭാകറാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam