
തിരുവനന്തപുരം: മാട്രിമോണി സൈറ്റില്‍ വ്യാജപ്രൊഫലുണ്ടാക്കി പരിചയപ്പെട്ട യുവാവിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പാങ്ങോട് മിലിട്ടറി ക്യാന്പിലെ സ്റ്റാഫ് നഴ്സ് അറസ്റ്റിൽ. തിരുവനന്തപുരം തിരുമല സ്വദേശി സ്മിതയെ ആണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
2016 ലാണ് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന യുവാവ് മാട്രിമോണി സൈറ്റിലൂടെ സ്മിതയെ പരിചയപ്പെട്ടത്. 44 വയസ്സുള്ള സ്മിത തന്റെ പേരും വയസും വിലാസവും ജോലിയുമടക്കം തെറ്റായ വിവരങ്ങളാണ് യുവാവിന് കൈമാറിയിരുന്നത്. പരസ്പരം മൊബൈൽ നന്പറുകൾ കൈമാറിയ ഇവർ ഫോണിലൂടെ കൂടുതൽ പരിചയപ്പെട്ടു.
വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേൽ പല തവണയായി സ്മിത 15 ലക്ഷം രൂപ യുവാവിൽ നിന്നും വാങ്ങിയെടുത്തു. വിവാഹം നീണ്ടുപോകുകയും വീണ്ടും പണമാവശ്യപ്പെട്ട് സമീപിക്കുകയും ചെയ്തതോടെ സംശയം തോന്നിയ യുവാവ് കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്.
വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവിനെ കബളിപ്പിച്ച് പണം തട്ടിയത് പാങ്ങോട് മിലിട്ടറി ക്യാന്പിലെ സ്റ്റാഫ് നഴ്സ് ആയ സ്മിത ആണെന്ന് പൊലീസ് കണ്ടെത്തി.തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഇവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സ്മിതയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam