
തൃശ്ശൂര്‍: ഡ്രൈവിങ് ടെസ്റ്റിന് തിയതി ലഭിക്കാൻ വൈകിയതിൽ പ്രകോപതിനായ യുവാവ് ഡ്രൈവിങ് സ്കൂളുകാരന്റെ കാറുകൾ അടിച്ചുതകർത്തു. തൃശൂർ കൊഴുക്കുള്ളിയിലാണ് സംഭവം. ജില്ലയിലെ ഡ്രൈവിങ് സ്കൂളുകാർ നഗരത്തിൽ പ്രതിഷേധിച്ചു. തൃശൂർ കൊഴുക്കുള്ളിയിലെ ഗൗരി നന്ദ ഡ്രൈവിങ് സ്കൂൾ ഉടമ അനിലന്റെ വീട്ടിൽ അർധരാത്രിയായിരുന്നു അക്രമം. മുടിക്കോട് സ്വദേശിയായ യുവാവും രണ്ടു സുഹൃത്തുക്കളും വീട്ടുവളപ്പിലേക്ക് അതിക്രമിച്ചു കയറി.
വരാന്തയിൽ വളർത്തുമീൻ ടാങ്ക് ആദ്യം അടിച്ചുതകർത്തു. വാതിലിൽ ഇടിച്ച് ബഹളമുണ്ടാക്കിയ കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി. രണ്ടു കാറുകളും അടിച്ചുതകർത്തു. ഇരുചക്രവാഹനങ്ങൾ മറിച്ചിട്ടു. അയൽപക്കത്തെ വീടിന്റെ ഗേയ്റ്റും പിടിച്ചുകുലുക്കി ഭീഷണി മുഴക്കിയാണ് അക്രമികൾ സ്ഥലംവിട്ടത്. വീടിനകത്തേയ്ക്കു കയറാനുള്ള ശ്രമം കുടുംബാംഗങ്ങൾ പ്രതിരോധിച്ചു. അതിനാൽ, പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു അക്രമം.
അക്രമികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു. ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിൽ തൃശൂർ തെക്കേഗോപുരനടയിൽ പ്രതിഷേധം നടത്തി. അക്രമികളെ മണ്ണുത്തി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഡവിങ് ടെസ്റ്റിന് അപേക്ഷ നൽകിയവർക്ക് പുതിയ തിയതി അനുവദിച്ചിട്ടില്ലെന്നാണ് ഡ്രൈവിങ് സ്കൂൾ സംഘടന പറയുന്നത്. പുതിയതായി അപേക്ഷിക്കുന്നവർക്ക് തീയതി ലഭിക്കുന്നുമുണ്ട്.
ഇതിന്റെ പേരിൽ ആളുകളും ഡ്രൈവിങ് സ്കൂൾ അധികൃതരും തമ്മിൽ വാക്കേറ്റവും ബഹളവും പതിവാണ്. പ്രശ്നം ഉടൻ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഇടപെടണമെന്നാണ് ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam