
ഇടുക്കി: ജയിലിൽ നിന്ന് പരോളിലിറങ്ങി ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ചയാൾ ഇടുക്കിയിൽ പിടിയിൽ. രാജ്യാന്തര ലഹരി മാഫിയ സംഘത്തിലെ കണ്ണിയായ രാജാക്കാട് സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു കിലോയോളം ഹാഷിഷ് ഓയിൽ പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ട് വരാൻ ശ്രമിക്കുന്നതിനിടെയാണ് രാജാക്കാട് വച്ച് ബിജു പൊലീസിന്‍റെ പിടിയിലായത്.
കാറിന്‍റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു കിലോ മുപ്പത്തഞ്ച് ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിൽ. പിടിച്ചെടുത്ത ഓയിലിന് മൊത്തവിപണിയിൽ ഒന്നരലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ഒഡീഷയിൽ നിന്നാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്ന് ബിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
84 കിലോ കഞ്ചാവ് കൈവശം വച്ചതിന് അഞ്ച് വർഷം മുമ്പാണ് ബിജുവിനെ 10 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി പരോൾ ലഭിക്കാതിരുന്നതിനെ തുടർന്ന് പ്രത്യേക അപേക്ഷ നൽകി ബിജു ജയിലിൽ നിന്ന് ഇറങ്ങുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനാണ് ഇയാള്‍ പുറത്തിറങ്ങിയതെന്ന സൂചനയെ തുടർന്ന് ദിവസങ്ങളായി പൊലീസ് യുവാവിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ബിജുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഹാഷിഷ് ഓയിലിന്റെ ഉറവിടത്തെക്കുറിച്ചും കണ്ണികളെ കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുളളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam