
മുംബൈ: ഫ്ലാറ്റിനുള്ളിൽ നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സിൽ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവർ മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത്. എന്നാൽ, തുടർ അന്വേഷണത്തിൽ ഇരുവരെയും മരണത്തിൽ ഒരുപാട് സംശയങ്ങൾ ബാക്കിയാകുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഭാംഗ്, മദ്യം പോലെയുള്ളവയിൽ നിന്നുള്ള ലഹരി വിഷബാധയായിരിക്കാം മരണകാരണമെന്നാണ് വെള്ളിയാഴ്ച് പൊലീസും സംസ്ഥാന ഫോറൻസിക് വിദഗ്ധരും നൽകുന്ന സൂചന. ഇരുവരുടെയും ആന്തരിക അവയവങ്ങൾ പൊലീസ് വിദഗ്ധ പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധന ഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാസ വിശകലനം, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഛർദ്ദിയുടെ അംശങ്ങളുടെ പരിശോധന, താമസിക്കുന്ന കെട്ടിടത്തിന്റെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ എന്നിവ ചേർത്ത് നോക്കുമ്പോൾ കേസിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്ന് പൊലീസ് കരുതുന്നു.
ദീപക്, ടീന എന്നിവരെ കുളിമുറിക്ക് ഉള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഛർദ്ദിച്ച് അവശനിലയിലാണ് ഇരുവരും ഉണ്ടായിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം രംഗ് പഞ്ചമി ആഘോഷിച്ച ശേഷം വൈകുന്നേരം നാലരയോടെയാണ് ഇരുവരും ഫ്ലാറ്റിൽ എത്തിയത്. തിരികെ എത്തിയ ശേഷം ദമ്പതികൾ തമ്മിൽ എന്തെങ്കിലും വഴക്കുണ്ടായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫ്ലാറ്റിൽ എത്തി അധികം വൈകാതെ തന്നെയാണ് ഇരുവരുടെയും മരണം സംഭവിച്ചിട്ടുള്ളത്. ഒരു ദിവസം വൈകിയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏകദേശം 20 മണിക്കൂർ എങ്കിലും ഷവറിൽ നിന്നുള്ള വെള്ളം അവരുടെ ശരീരത്തിന് മുകളിലൂടെ ഒഴുകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ദീപക്കിന്റെ രണ്ടാം വിവാഹമാണ് ടീനുമായി കഴിഞ്ഞത്. വിവാഹമോചിതനായ ദീപക്കിന് ആദ്യ ഭാര്യയയിൽ രണ്ട് കുട്ടികളുമുണ്ട്. ദീപക്കിന്റെ ആദ്യ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ആരും വാതിൽ തുറക്കുന്നില്ലെന്നും മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീ അറിയിച്ചതോടെയാണ് പൊലീസ് എത്തിയത്.
ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ഫ്ലാറ്റിന്റെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികൾ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദ്യം ഗെയ്സർ ഗ്യാസ് ചോർന്നതിനെ തുടർന്നാണ് മരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ഗെയ്സർ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പന്ത് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
പ്രമുഖ കമ്പനിയുടെ എച്ച് ആർ മാനേജർ, ഒഴിവു വേളകളിൽ മാല പൊട്ടിക്കൽ, അറസ്റ്റിലായപ്പോൾ കുറ്റസമ്മതം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam