ഏതായാലും പൊലീസ് പിടികൂടിയതോടെ താനാണ് ഈ മോഷണങ്ങളെല്ലാം നടത്തിയത് എന്ന് അഭിഷേക് തുറന്ന് പറഞ്ഞു. മാത്രമല്ല, ആഡംബര ജീവിതം നയിക്കാനായിരുന്നു മാല പൊട്ടിക്കാനിറങ്ങിയത് എന്നും അഭിഷേക് സമ്മതിച്ചു.

മിക്ക കമ്പനികളും കൊവിഡ് വ്യാപനത്തോട് കൂടി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയിരുന്നു. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചിട്ടും ഐടി കമ്പനികളടക്കം പല കമ്പനികളും വർക്ക് ഫ്രം ഹോം രീതി തന്നെ തുടരുകയായിരുന്നു. എന്നാൽ, ഒരു മൾ‌ട്ടി നാഷണൽ കോർപറേഷന്റെ എച്ച് ആർ മാനേജരെ മാല പൊട്ടിച്ചതിന് അറസ്റ്റ് ചെയ്തു. വർക്കിം​ഗ് ഫ്രം ഹോമിലിരിക്കുന്ന എച്ച് ആർ മാനേജരാണ് സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവാക്കിയത്.

ആ​ഗ്ര പൊലീസിന് പല തവണയായി മാല പൊട്ടിക്കുന്നതിന്റെ പരാതികൾ ലഭിച്ചിരുന്നു. എന്നാൽ, പ്രതിയെ കണ്ടു പിടിക്കാൻ പറ്റാതെ ആകെ വലഞ്ഞിരിക്കുകയായിരുന്നു പൊലീസ്. ഒടുവിലാണ് അഭിഷേക് ഒജ എന്നയാളാണ് മാല പൊട്ടിക്കുന്നത് എന്ന് കണ്ടെത്തിയത്. 

നല്ല ശമ്പളം ജോലിയിൽ‌ നിന്ന് കിട്ടുന്നുണ്ട് എങ്കിലും കുറച്ച് കൂടി ആഡംബരമായി ജീവിക്കാനാണത്രെ എച്ച് ആർ മാനേജറായി ജോലി ചെയ്യുന്ന അഭിഷേക് മാല പൊട്ടിക്കാൻ ഇറങ്ങിയത്. എന്നാൽ, ഏറെ നാൾ പരിശ്രമിച്ചിട്ടും പൊലീസിന് കള്ളനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഒരു ഘട്ടത്തിലും അഭിഷേകിന് നേരെ സംശയത്തിന്റെ മുന നീണ്ടുമില്ല. നല്ല ജോലിയുള്ള, ക്രിമിനൽ ബാക്ക്​ഗ്രൗണ്ടുകളൊന്നും ഇല്ലാത്ത ഒരാളെ അല്ലെങ്കിലും പൊലീസ് എങ്ങനെ സംശയിക്കാനാണ് അല്ലേ? 

ഏതായാലും പൊലീസ് പിടികൂടിയതോടെ താനാണ് ഈ മോഷണങ്ങളെല്ലാം നടത്തിയത് എന്ന് അഭിഷേക് തുറന്ന് പറഞ്ഞു. മാത്രമല്ല, ആഡംബര ജീവിതം നയിക്കാനായിരുന്നു മാല പൊട്ടിക്കാനിറങ്ങിയത് എന്നും അഭിഷേക് സമ്മതിച്ചു. ഇയാൾ പറയുന്നത് അനുസരിച്ച് ഇയാൾക്ക് വർക്ക് ഫ്രം ഹോം ആയിരുന്നു. അതിനാൽ തന്നെ ബൈക്കുമെടുത്ത് ചുറ്റാൻ ഇഷ്ടം പോലെ സമയവും ഉണ്ടായിരുന്നു. അങ്ങനെയാണ് ഇയാൾ മാല പൊട്ടിക്കാൻ ഇറങ്ങിയത്. സോനു വർമ എന്നൊരു ജ്വല്ലറി ഉടമയ്ക്കായിരുന്നു ഇയാൾ പിന്നീട് മോഷ്ടിക്കുന്ന സ്വർണമെല്ലാം വിറ്റിരുന്നത്. 

തോക്കുപയോ​ഗിച്ച് ഭീഷണിപ്പെടുത്തി വരെ താൻ സ്ത്രീകളുടെ മാല മോഷ്ടിച്ചിട്ടുണ്ട് എന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഒപ്പം താൻ വരുന്നത് നല്ലൊരു കുടുംബത്തിൽ നിന്നാണ് എന്നും ഇയാൾ പൊലീസിനോട് പറഞ്ഞത്രെ. പിന്നീട്, ഇയാൾ മോഷണത്തിനുപയോ​ഗിച്ചിരുന്ന ബൈക്ക്, മോഷ്ടിച്ച മാലകൾ എന്നിവയെല്ലാം കണ്ടെത്തി. ഒപ്പം തന്നെ പഞ്ചാബിലെ ഒരു പ്രമുഖ കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്നും കണ്ടെത്തി.