
ദില്ലി: പീഡനക്കേസുകളില്‍ ഇരയ്ക്ക് നീതി ലഭിക്കാന്‍ വിചാരണ നീണ്ടുപോകുന്നതിനാല്‍ കാലതാമസം നേരിടുന്നെന്ന് പരാതികള്‍ വ്യാപകമാണ്. എന്നാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ റെക്കോര്‍ഡ് വേഗതയില്‍ ശിക്ഷ വിധിച്ച് കോടതി. പോക്സോ കേസിലാണ് റെക്കോര്‍ഡ് വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി കുറ്റവാളിയ്ക്ക് കോടതി വധശിക്ഷ വിധിച്ചത്. ഗാസിയാബാദില്‍ രണ്ടര വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്കാണ് 29 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഒക്ടോബര്‍ 19നാണ് രണ്ടരവയസുകാരിയെ ബലാത്സംഗത്തിനിരയായി കവി നഗറിലെ റോഡരികിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.
ക്രൂരപീഡനത്തിന് ഇരയായി മരിച്ച പെണ്‍കുഞ്ഞിന്‍റെ പിതാവിന്‍റെ സുഹൃത്തായിരുന്നു കേസിലെ പ്രതി. പ്രത്യേക പോക്സോ കോടതി ജഡ്ജ് മഹേന്ദ്ര ശ്രീവാസ്തവയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പത്തോളം സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി തീരുമാനത്തിലെത്തിയത്. ഇത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിക്കുന്നത് ഇത്തരം കേസുകളില്‍ നാഴികകല്ലാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്കര്‍ഷ് വാട്ട്സ് പ്രതികരിച്ചു. ഡിസംബര്‍ 29നായിരുന്നു കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്.
ഒക്ടോബര്‍ 19ന് പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലായിരുന്നു ചന്ദന്‍ പാണ്ഡെ എന്നയാളെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിലുടനീളം ഇയാള്‍ പൊലീസിന് തെറ്റായ വിവരമായിരുന്നു നല്‍കിയത്. കുഞ്ഞിനെ കാണാതായി രണ്ട് ദിവസം പിന്നിട്ട ശേഷമായിരുന്നു വ്യവസായ മേഖലയ്ക്ക് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് പെണ്‍കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ ചന്ദന്‍ പാണ്ഡെ കുറ്റസമ്മതം നടത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam