
ഭുവനേശ്വര്‍: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന്‍റെ ഭാഗമായി പ്രായപൂര്‍ത്തിയാകാത്ത ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ച സംഭവത്തില്‍ 12 വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. ഒഡീഷയിലെ ഗഞ്ചം ജില്ലിയിലെ ഒരു സര്‍ക്കാര്‍ കോളേജിലാണ് വിദ്യാര്‍ത്ഥി ജൂനിയറിനെ ബലമായി ചുംബിച്ചത്. സംഭവത്തില്‍ പോക്സോ കേസ് ഉള്‍പ്പടെ ചുമത്തി രണ്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളടക്കം അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് സംഭവം. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെകൊണ്ട് നവാഗതയായ പെണ്‍കുട്ടിയെ ബലമായി ചുംബിപ്പിക്കുകയായിരുന്നു. ഹോക്കി സ്റ്റിക്ക് വീശി ഭീഷണിപ്പെടുത്തിയാണ് സീനിയര്‍ വിദ്യാര്‍ത്ഥി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ ചുംബനത്തിന് പ്രേരിപ്പിച്ചത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.
കോളേജ് ഗ്രൌണ്ടില്‍ വച്ചാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം കോളേജില്‍ ചേര്‍ന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ സീനിയേഴ്സിന്‍റെ പ്രേരണയാൽ ഒരു ആൺകുട്ടി ബലമായി ചുംബിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ കൈ സീനിയര്‍ വിദ്യാര്‍ത്ഥി ബലമായി പിടിച്ചുവച്ചു. ഹോക്കി സ്റ്റിക്കുമായി യുവാവ് ആക്രോശിക്കുന്നതും പുറത്ത് വന്ന വീഡിയോയിലുണ്ട്. അതേസമയം പെണ്‍കുട്ടിക്ക് നേരെ നടന്ന ലൈംഗികാതിക്രമണത്തില്‍ പ്രതികരിക്കാതെ ചിരിച്ച് കൊണ്ട് ഇതെല്ലാം നോക്കി നില്‍ക്കുന്ന പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെയും വീഡിയോയില്‍ കാണാം.
പെണ്‍കുട്ടിയുടെ പരാതിയില്‍ കോളേജ് അധികൃതര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തു. പരാതി പൊലീസിനെയും അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെ പുറത്താക്കാന്‍ കോളേജ് അച്ചടക്ക സമിതിയും ആന്റി റാഗിംഗ് സെല്ലും അറിയിച്ചിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കുറ്റാരോപിതരായ രണ്ടാം വർഷ വിദ്യാർത്ഥികളെ വാർഷിക പേപ്പറുകൾ എഴുതാൻ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ അഭിഷേക് നഹക്ക് (24) ആണ് മുഖ്യപ്രതി. അടുത്തിടെ ഒരു ലൈംഗിക പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ നഹക്കിനെ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ വിദ്യാർത്ഥി വിഭാഗമാണ് കോളേജിലേക്ക് തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അതേസമയം കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരെയും റാഗിംഗിനും പോക്സോ ആക്ട്, ഐടി ആക്‌ട് എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. നടന്നത് വെറും റാഗിംഗ് മാത്രമല്ല, ലൈംഗിക പീഡിനത്തിന് തുല്യമായ കുറ്റകൃത്യമാണെന്ന് ബെർഹാംപൂർ പൊലീസ് സൂപ്രണ്ട് സരബൻ വിവേക് എം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More : പ്രതികളെ സഹായിക്കുന്ന സിഐ സുധിലാലിനെതിരെ അന്വേഷണ റിപ്പോർട്ട്; പിന്നാലെ സസ്പെൻഷൻ ഉത്തരവിട്ട് ഐജി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam