
തുംകൂരു (കർണാടക): കർണാടകയിലെ തുംകൂരുവിലുള്ള 'വിശ്വാസ് ജ്വല്ലറി'യിൽ നിന്ന് 10 സ്വർണ്ണ മോതിരങ്ങളും രണ്ട് സ്വർണമാലകളും മോഷണം പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പൂട്ടുപൊളിക്കാതെയും ആരും അകത്തുകടക്കാതെയും സ്വർണ്ണം എങ്ങനെ അപ്രത്യക്ഷമായി എന്ന് ആശങ്കപ്പെട്ട് സിസിടിവി പരിശോധിച്ച ജീവനക്കാർ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യം. കവർച്ച നടത്തിയത് മനുഷ്യനല്ല, ഒരു പെരുച്ചാഴിയായിരുന്നു!
സ്വർണ്ണത്തിന് പുറമെ അത് സൂക്ഷിച്ചിരുന്ന കവറുകളും അതിലെ വിലവിവരപ്പട്ടികകളും കാണാതായതാണ് കേസിന് വഴിത്തിരിവായത്. രാവിലെ കട തുറന്ന ജീവനക്കാരാണ് ആഭരണങ്ങൾ കാണാനില്ലെന്ന വിവരം ഉടമയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ആഭരണങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കടലാസ് പ്രൈസ് ടാഗുകളും കാണാതായിട്ടുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടു.
ഒരു മനുഷ്യനാണ് സ്വർണ്ണം മോഷ്ടിക്കുന്നതെങ്കിൽ ആഭരണം മാത്രം എടുത്ത് പ്രൈസ് ടാഗുകൾ ഉപേക്ഷിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ ടാഗുകളും കാണാനില്ലായിരുന്നു. ഇതിൽ നിന്നാണ് അസാധാരണമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഊഹിച്ചത് എന്ന് കടയുടമ പറഞ്ഞു.
കടക്കുള്ളിലെ രാത്രിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ കണ്ട് ഉടമയും ജീവനക്കാരും ഞെട്ടിയത്. പുലർച്ചെ 4.30 ഓടെ ഒരു പെരുച്ചാഴി വന്ന് സ്വർണ്ണ മോതിരം കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. പ്രൈസ് ടാഗുകളിലെ കടലാസ് തിന്നാൻ എത്തിയ പെരുച്ചാഴി ടാഗിനൊപ്പം സ്വർണ്ണാഭരണങ്ങളും വലിച്ച് മാളത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ജീവനക്കാർ കടയ്ക്കുള്ളിൽ നടത്തിയ തിരച്ചിലിൽ എലിയുടെ ഇടുങ്ങിയ മാളങ്ങൾ കണ്ടെത്തുകയും, അവിടെ ഒളിപ്പിച്ചുവെച്ച നിലയിൽ കാണാതായ 10 മോതിരങ്ങളും 2 മാലകളും പ്രൈസ് ടാഗുകളും അതേപടി വീണ്ടെടുക്കുകയും ചെയ്തു. മുഴുവൻ ആഭരണങ്ങളും തിരികെ ലഭിച്ച ആശ്വാസത്തിലാണ് ജ്വല്ലറി ഉടമയും ജീവനക്കാരും.
Karnataka | Rat caught on CCTV carrying gold ring after 10 rings and 2 chains were missing from a jewellery shop. pic.twitter.com/odGPQr19pU
— The Indian Express (@IndianExpress) July 30, 2026
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam