ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ പിടിയിലായി. കോഴിക്കോട്ടേക്ക് പോകാൻ റെയിഷവെ സ്റ്റേഷനിലേക്ക് പോകവേ പ്രതികൾ ക്രൂരമായി ആക്രമിച്ച് കൊള്ളയടിച്ചു

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ക്രൂരമായി ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിൽ പ്രതികൾ പിടിയിൽ. സ്ഥിരം കുറ്റവാളിയായ മഞ്ഞപ്പെട്ടി സ്വദേശി സനൽചന്ദ്രൻ, തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാൻ, നെടുമ്പാശ്ശേരി സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂർ കോടനാട് സ്വദേശി ജോഫിൻ ജിജു ആണ് അതിക്രൂര ആക്രമണത്തിനിരയായത്

കഴിഞ്ഞ ദിവസം പുലർച്ചെ 3.30ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കോഴിക്കോടേക്ക് പോകാനായി ട്രെയിൻ കയറാൻ നടക്കുന്നതിനിടെയായിരുന്നു ആക്രമണം. പ്രതികൾ ജോഫിനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം കെട്ടിയിട്ടു. കുതറിമാറിയ ജോഫിന്‍റെ മാല പൊട്ടിച്ചു. ഓടാന്‍ ശ്രമിക്കവെ തടഞ്ഞു നിർത്തി വീണ്ടും ആക്രമിച്ചു. പണവും മാലയും കവര്‍ന്ന് പ്രതികള്‍ ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

നാടിനെ നടുക്കിയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ്റെ നിർദ്ദേശാനുസരണം ആലുവ ഡിവൈഎസ്പി ബൈജു പൌലോസിൻെറ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്.

ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറിലധികം പേരെ ചോദ്യം ചെയ്തു. മുഖ്യപ്രതി സനൽ കൊല്ലൂരിലേക്ക് കടന്നെന്ന് വിവരം കിട്ടി. എന്നാൽ മൊബൈൽ ഫോൺ കാസർകോട് ഉപേക്ഷിച്ച് ഇയാൾ പെരുമ്പാവൂരിൽ തിരികെയെത്തിയതായി പിന്നീട് മനസ്സിലായി. വൈകാതെ ഇയാളെ പിടികൂടി. ഇയാളിൽ നിന്നാണ് മറ്റ് രണ്ട് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്.

ജോഫിനിൽ നിന്ന് കവർന്ന സ്വർണം കണ്ടെടുത്തു. ഒന്നും രണ്ടും പ്രതികൾക്കെതിരെ വിവിധയിടങ്ങളിലായി ആറിലധികം കേസുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ ജോഫിന്‍റെ നാല് വാരിയെല്ലുകളും കൈകളും പൊട്ടിയിലുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സാമൂഹ്യ വിരുദ്ധരുടെ താവളമാണ് ആലുവ റെയിൽവേ സ്റ്റേഷന്റെ പിൻവശമെന്ന് നാട്ടുകാർ പറയുന്നു. തുടർച്ചയായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ പട്രോളിംഗ് ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

YouTube video player