സ്വർണ്ണക്കവർച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി; സ്വർണ്ണം കണ്ടെത്താൻ ശ്രമം

By Web TeamFirst Published May 26, 2019, 12:17 AM IST
Highlights

സ്വർണ്ണക്കവർച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്വർണ ശുദ്ധീകരണശാലയിലെ മുൻ ഡ്രൈവർ സതീഷ് അടക്കം നാല് പേരെയാണ് പിടികൂടിയത്. കവർന്ന സ്വർണ്ണം കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.

ആലുവ: സ്വർണ്ണക്കവർച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്വർണ ശുദ്ധീകരണശാലയിലെ മുൻ ഡ്രൈവർ സതീഷ് അടക്കം നാല് പേരെയാണ് പിടികൂടിയത്. കവർന്ന സ്വർണ്ണം കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.  അറസ്റ്റിലുള്ള തൊടുപുഴ സ്വദേശി ബിപിൻ ജോർജ്ജിന്‍റെ മൊഴിയുടെ അടിസ്ഥാനതക്തിൽ നടത്തിയ പരിശോധനയിലാണ് കവർച്ചയുടെ ആസൂത്രകൻ അടക്കം നാല് പേരെ പോലീസ് പിടികൂടിയത്. 

മൂന്നാറിനടുത്ത് സിങ്ക്കണ്ടത്തെ കാടിനകത്ത് എയർ ഗൺ അടക്കമുള്ള ആയുധങ്ങളുമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. പൊലീസിനെ കണ്ടതോടെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പതികളെ ഏറ്റുമുട്ടിലിലൂടെ കീഴപ്പെടുത്തുകയായിരുന്നു.

സംഘർഷത്തിൽ രണ്ട് പ്രതികൾക്ക് പരുക്കേറ്റു. പോലീസുകാർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ആലുവ സിജിആർ മെറ്റലോയിസിലെ ഡ്രൈവർ സതീഷ്, ഇടുക്കി സ്വദേശികളായ നസീബ്, സനീഷ് റഷീദ് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ.

എടയാറിലെ സ്വർണ്ണ ശുദ്ധീകരണ കമ്പനിയിലെ മുൻ ഡ്രൈവറായ സതീഷ് ഏതാനും മാസം മുമ്പാണ് കമ്പനി വിട്ടത്. വധശ്രമം അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഇടുക്കി മുരിക്കാശ്ശേരി സ്വദേശി സതീഷ്. കവർച്ച നടത്തിയ സ്വർണ്ണം ഒളിപ്പിച്ച ശേഷം പ്രതികൾ ഒളിവിൽപോയെന്നാണ് മൊഴി എന്നാൽ ഇതിന്‍റെ സത്യാവസ്ഥ പൊലീസ് പരിശഓധിക്കുകയാണ്. 

കവർച്ചയിൽ നേരിട്ട് പങ്കെടുത്ത അ‌ഞ്ച് പ്രതികളും ഇതോടെ പിടിയിലായി. പ്രതികളെ രക്ഷപ്പെടാനും ഒളിവിൽപോകാനും സഹായിച്ചവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കവർച്ച നടത്തിയ ആറ് കോടി രൂപയുടെ സ്വർണ്ണം ഇൻഷുറൻസ് ചെയ്തിരുന്നുവെന്നാണ് വിവരം.സംഭവത്തിൽ സ്വർണ്ണ ശുദ്ധീകരണ ശാലയുടെ ഉടമകളുടെ പങ്കും വിശദമായി പരിശോധിക്കുന്നുണ്ട്. 

click me!