ചെന്നൈ വിമാനത്താവളത്തിലൂടെയും സ്വർണക്കടത്ത്; 1.48 കിലോ സ്വർണം പിടിച്ചെടുത്തു

By Web TeamFirst Published Aug 5, 2020, 12:14 AM IST
Highlights

ദുബൈയില്‍ നിന്നും ഷാർജയിൽ നിന്നും രണ്ട് വിമാനങ്ങളിൽ എത്തിയവരാണ് അറസ്റ്റിലായത്. ഖലീൽ അഹമ്മദ്, ഖാജാ മൊയ്തീൻ, എസ് പി മൊയ്തീൻ എന്നിവരെയാണ് പിടികൂടിയത്. 

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിലും സ്വര്‍ണ്ണവേട്ട. 1.48 കിലോ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.

ദുബൈയില്‍ നിന്നും ഷാർജയിൽ നിന്നും രണ്ട് വിമാനങ്ങളിൽ എത്തിയവരാണ് അറസ്റ്റിലായത്. ഖലീൽ അഹമ്മദ്, ഖാജാ മൊയ്തീൻ, എസ് പി മൊയ്തീൻ എന്നിവരെയാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവര്‍ സ്വർണം കടത്താൻ ശ്രമിച്ചത്. അതേസമയം, തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുകയാണ് എന്‍ഐഎ.

കേസ് അന്വേഷിക്കുന്ന  അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ഇന്ത്യ, യുഎഇ സർക്കാരിൻറെ അനുമതി തേടുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തിൽ വിദേശത്ത് ചെന്ന് അന്വേഷണം നടത്താൻ എൻഐഎയ്ക്ക് അനുമതിയുണ്ട്.  

യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തിൽ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സ‍ര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തിൽ നിര്‍ണായകമാകും. കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

click me!