'സ്വർണം വേർതിരിച്ചതും കടത്തിയതും എങ്ങനെ?', റമീസുമായി എൻഐഎയുടെ തെളിവെടുപ്പ്

By Web TeamFirst Published Jul 31, 2020, 11:03 PM IST
Highlights

സ്വർണക്കടത്തിലെ പ്രധാനകണ്ണിയെന്ന് സംശയിക്കുന്നയാളാണ് റമീസ്. കടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞതും ആസൂത്രണം നടത്തിയതും റമീസാണെന്നാണ് കസ്റ്റംസിന്‍റെയും എൻഐഎയുടെയും നിഗമനം. അതിനാലാണ് സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും വേറെയും റമീസിനെ വേറെയുമായി തെളിവെടുപ്പ് നടത്തിയത്.

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാനപ്രതികളിലൊരാളായ റമീസുമായി എൻഐഎ തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലെത്തി തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലും തൊട്ടടുത്തുള്ള ബാർ ഹോട്ടലിലും തിരുവനന്തപുരം അരുവിക്കരയിലുള്ള സന്ദീപ് നായരുടെ വീട്ടിലുമായിട്ടായിരുന്നു തെളിവെടുപ്പ്. അതീവരഹസ്യമായാണ് ഉച്ചയോടെ റമീസുമായി എൻഐഎ തിരുവനന്തപുരത്ത് എത്തിയത്. വൈകിട്ടോടെയാണ് തെളിവെടുപ്പ് വിവരം മാധ്യമങ്ങൾ പോലുമറിഞ്ഞത്.

സ്വർണക്കടത്തിലെ പ്രധാനകണ്ണിയെന്ന് സംശയിക്കുന്നയാളാണ് റമീസ്. കടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞതും ആസൂത്രണം നടത്തിയതും റമീസാണെന്നാണ് കസ്റ്റംസിന്‍റെയും എൻഐഎയുടെയും നിഗമനം. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ റമീസും സന്ദീപുമടക്കമുള്ള സംഘാംഗങ്ങൾ ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്ന ഫ്ലാറ്റുകളുള്ള സമുച്ചയത്തിലും തൊട്ടടുത്തുള്ള ബാർ ഹോട്ടലിലുമായി ഒത്തുകൂടിയെന്നതിന് കൃത്യമായ തെളിവുകൾ എൻഐഎയ്ക്കും കസ്റ്റംസിനും കിട്ടിയിട്ടുണ്ട്. ഫ്ലാറ്റിന്‍റെ സന്ദർശകഡയറി അടക്കമുള്ള രേഖകളും ഹോട്ടലിലെ രേഖകളും എൻഐഎ ശേഖരിച്ചിട്ടുമുണ്ട്. അതിനാലാണ് ഈ രണ്ട് സ്ഥലത്തും റമീസുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. നേരത്തേ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഈ സ്ഥലങ്ങളിൽ കൊണ്ടുവന്ന് എൻഐഎ തെളിവെടുപ്പ് നടത്തിയിരുന്നു. 

ഏറ്റവും കൂടുതൽ സമയം തെളിവെടുപ്പ് നടന്നത് സന്ദീപ് നായരുടെ അരുവിക്കരയിലെ വീട്ടിലാണ്. വിമാനത്താവളത്തിൽ അർദ്ധരാത്രിയോടെ എത്തുന്ന സ്വർണം ഈ വീട്ടിൽ വച്ച് വേർതിരിച്ചാണ് പ്രതികൾ ഓരോരോ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. അതിനാലാണ് ഇവിടത്തെ തെളിവെടുപ്പ് അൽപസമയം നീണ്ടതും. ഉച്ചയോടെ തുടങ്ങിയ തെളിവെടുപ്പ് രാത്രിയോടെയാണ് അവസാനിച്ചത്. പിന്നീട് പേരൂർക്കട പൊലീസ് ക്ലബിലേക്ക് റമീസിനെ എൻഐഎ സംഘം എത്തിച്ചിട്ടുണ്ട്. ഇവിടെ നിന്ന് അർദ്ധരാത്രിയോടെ തിരികെ കൊച്ചിയിലേക്ക് തന്നെ എൻഐഎ സംഘം മടങ്ങുമെന്നാണ് സൂചന.

click me!