'സത്യം ജയിക്കും', കണ്ണീരോടെ റിയ ചക്രബർത്തി, സുശാന്തിന്‍റെ ഇടപാടുകളിലും അന്വേഷണം

By Web TeamFirst Published Jul 31, 2020, 10:11 PM IST
Highlights

സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്നതായി സംശയിക്കുന്നുവെന്ന് ബിഹാർ പൊലീസിന്‍റെ എഫ്ഐആറിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്‍റ് കേസെടുത്തിരിക്കുന്നത്.

പട്‍ന/ മുംബൈ: ആരോപണങ്ങൾക്ക് നടുവിൽ മൗനം വെടിഞ്ഞ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻകാമുകി റിയ ചക്രബർത്തി. സുശാന്തിനെ റിയ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ചതിച്ചെന്നും കാണിച്ച് അച്ഛൻ കൃഷ്ണകുമാർ സിംഗ് ബിഹാർ പൊലീസിൽ പരാതി നൽകിയിരുന്നു. ആത്മഹത്യാപ്രേരണയ്ക്ക് റിയക്കെതിരെ കേസെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. ഇതിനിടെ റിയ ഒളിവിൽ പോയെന്ന റിപ്പോർട്ടുകൾക്കെല്ലാമിടയിലാണ് ഇരുപത് സെക്കന്‍റോളം ദൈർഘ്യമുള്ള വീഡിയോയുമായി അവർ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. 

''എനിക്ക് ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്. എനിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുമുണ്ട്. മാധ്യമങ്ങളിൽ എനിക്കെതിരെ തീർത്തും മോശമായ തരത്തിലുള്ള പല കാര്യങ്ങളും വരുമ്പോഴും, ഇതിനൊന്നും മറുപടി തൽക്കാലം ഞാൻ പറയുന്നില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അത് തന്നെയാണ് എന്‍റെ അഭിഭാഷകരും എനിക്ക് നൽകിയിരിക്കുന്ന നിർദേശം. നിലവിൽ കേസ് കോടതിയുടെ പരിഗണയിലാണ്. സത്യമേവജയതേ. സത്യം ജയിക്കും'', റിയ കണ്ണീരോടെ, കൂപ്പുകൈകളോടെ പറയുന്നു. 

Video statement of pic.twitter.com/vsUMdCNprF

— Shivangi Thakur (@thakur_shivangi)

അഭിഭാഷകനായ സതീഷ് മനേഷിൻഡെയാണ് റിയയുടെ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിയ സുഹൃത്തുക്കളുമായി സംസാരിക്കുന്നതെന്ന് പറയപ്പെടുന്ന മറ്റൊരു വീഡിയോയും നേരത്തേ പുറത്തുവന്നിരുന്നു. 

റിയ ചക്രബ‍ർത്തിയെക്കൂടാതെ കരൺ ജോഹർ, നിരൂപകൻ രാജീവ് മസന്ദ് അടക്കം നാൽപ്പതോളം പേരെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. സ്വജനപക്ഷപാതത്തോടെ ഇവരിൽ പലകും പെരുമാറിയെന്നും, സുശാന്തിനെ സിനിമാ മേഖലയിൽ നിന്ന് പുറത്താക്കാൻ ബോധപൂർവം ശ്രമിച്ചെന്നും, ഇതിന്‍റെ ഫലമായി വിഷാദത്തിലേക്ക് വഴുതിവീണ സുശാന്ത് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമായിരുന്നു ആരോപണങ്ങളുയർന്നത്. റിയക്കെതിരെ പരോക്ഷവിമര്‍ശനവുമായി സുശാന്തിന്‍റെ മുന്‍ കാമുകി അങ്കിത ലോഖണ്ഡെയും രംഗത്തത്തിയിരുന്നു. റിയ സുശാന്തിനെ ഉപദ്രവിക്കുകയായിരുന്നുവെന്ന് സുശാന്ത് അയച്ച മെസ്സേജുകളിലുണ്ടെന്നാണ് അങ്കിത അവകാശപ്പെടുന്നത്. സുശാന്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തുവന്ന കങ്കണ റണൗത്തടക്കമുള്ള അഭിനേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാൾ കൂടിയാണ് അങ്കിത. 

അതേസമയം, സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടന്ന ചില ഇടപാടുകളിലും അന്വേഷണം വേണമെന്ന് അച്ഛൻ പരാതി നൽകിയിട്ടുണ്ട്. ഇതനുസരിച്ച് ബിഹാർ പൊലീസ് കേസും റജിസ്റ്റർ ചെയ്തിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കേസെടുത്തിരിക്കുന്നത്. സുശാന്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ ആവർത്തിക്കുന്നതിനിടയിലാണ്, ഇഡി രംഗത്തെത്തുന്നത്. സുശാന്തിന്‍റെ അക്കൗണ്ടിലൂടെ നടന്ന 15 കോടി രൂപയുടെ ഇടപാടുകൾ സംശയാസ്പദമാണെന്നാണ് എൻഫോഴ്സ്മെന്‍റ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളാണോ ഇതെന്നാണ് ഇഡി പരിശോധിക്കുക. നടി റിയ ചക്രബർത്തി അടക്കമുള്ളവർക്ക് ഇതിൽ പങ്കുണ്ടോ എന്നതും അന്വേഷണവിധേയമാകും. 

അതേസമയം, കേസന്വേഷണം ബിഹാര്‍, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്കിടയിലുള്ള തര്‍ക്കമായി മാറുകയാണ്. ബിഹാര്‍ പോലീസ് നടത്തുന്ന അന്വേഷണത്തെ മഹാരാഷ്ട്ര പോലീസ് തടസ്സപ്പെടുത്തുകയാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ആരോപിച്ചു. കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍ ഒഴിവാക്കി കേസ് മഹാരാഷ്ട്രയില്‍ തന്നെ ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സുശീൽകുമാർ മോദി ആഞ്ഞടിച്ചു. ഇതിനിടെയാണ് കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ബിഹാറിൽ നിന്ന് തന്നെയുള്ള കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനും ആവശ്യപ്പെടുന്നത്. രാംവിലാസ് പസ്വാന്‍റെ മകനും എംപിയുമായ ചിരാഗ് പസ്വാൻ അഭിനേതാവായികുന്നു. സുശാന്തുമായി അടക്കം നല്ല ബന്ധവുമുണ്ടായിരുന്നു. 

ജൂൺ 14-നാണ് സുശാന്ത് സിംഗ് രാജ്‍പുതിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

click me!