ഒറ്റ ദിവസത്തില്‍ അഞ്ച് കേസ്; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്ന് പിടികൂടിയത് 3.53 കോടിയുടെ സ്വർണം

By Web TeamFirst Published Jun 20, 2021, 7:34 PM IST
Highlights

ദുബായില്‍ നിന്നെത്തിയ അഞ്ച് പേരാണ് ഇന്ന് സ്വര്‍ണ്ണക്കടത്തിന് പിടിയിലായത്. 3.53 കോടിയുടെ സ്വർണ്ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത്.

കൊണ്ടോട്ടി: കരിപ്പൂരിൽ ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപയ്ക്കുള്ള സ്വർണം പിടികൂടി. ഡി ആർ ഐ, കസ്റ്റംസ് പ്രിവന്‍റീവ്, കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വർണം പിടികൂടിയത്. അഞ്ചുപേരും ദുബായിൽ നിന്ന് എത്തിയവരായിരുന്നു. കണ്ണൂർ മാവിലായി സ്വദേശി വി സി അഫ്താബ് (38), കോഴിക്കോട് പാറക്കടവ് സ്വദേശി കെ അജ്മൽ (25), കണ്ണൂർ കൂത്തുപറമ്പ് സ്വദേശി പി നിസാമുദ്ദീൻ (30), കോഴിക്കോട് മുക്കം സ്വദേശി പി മുജീബ് റഹ്മാൻ (25), മലപ്പുറം ചേലൂർ സ്വദേശി എന്നിവരാണ് സ്വർണക്കടത്തുമായി പിടിയിലായത്. 

അഫ്താബ് 2.99 ഗ്രാം തൂക്കം വരുന്ന 18 സ്വർണ കട്ടികൾ വെള്ളിപൂശി റീച്ചാർജ്ജബിൾ ടേബിൾ ഫാനിന്‍റെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ചും, അജ്മൽ 1.983 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണ കട്ടികൾ എമർജൻസി ലൈറ്റിന്റെ ബാറ്ററിക്കുള്ളിൽ ഒളിപ്പിച്ചുമാണ് കടത്തിയിരുന്നത്. നിസാമുദ്ദീൻ, മുജീബ് റഹ്മാൻ എന്നിവർ മിശ്രിത സ്വർണം കാപ്‌സ്യൂള്‍ രൂപത്തിലുള്ള പാക്കുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

നിസാമുദ്ദീൻ 1.339 കിലോ ഗ്രാം സ്വർണ മിശ്രിതവും മുജീബ് റഹ്മാൻ 1.07 കിലോ ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്തിയിരുന്നത്. മലപ്പുറം ചേലൂർ സ്വദേശി 1.339 കിലോ ഗ്രാം തൂക്കം വരുന്ന സ്വർണം പ്ലാസ്റ്റിക് പാക്കുകളിലാക്കി അടിവസ്ത്രത്തിലും സോക്‌സിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഇതിന് 55 ലക്ഷം രൂപ വില വരും. അഫ്താബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാക്കിയുള്ളവർക്ക് കസ്റ്റംസ് വിഭാഗങ്ങൾ ജാമ്യം നൽകി വിട്ടയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!