
ഭോപ്പാലില്‍ ഗൂഗിള്‍ ജീവനക്കാരനെ ബന്ദിയാക്കി വിവാഹം ചെയ്യിപ്പിച്ചതായി പൊലീസ്. ഗൂഗിളിന്‍റെ ബെംഗലുരു ഓഫീസിലെ സീനിയര്‍ മാനേജരായ ഗണേഷ് ശങ്കറിനെയാണ് ബന്ദിയാക്കി വിവാഹം ചെയ്യിച്ചതെന്നാണ് ഭോപ്പാലിലെ കമല നഗര്‍ പൊലീസ് സ്റ്റേഷന്‍ അധികാരികള്‍ വിശദമാക്കുന്നത്. ഐഐഎം ഷില്ലോംഗിലെ എംബിഎ പഠന കാലത്ത് ഭോപ്പാല്‍ സ്വദേശിനിയായ സുജാത എന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയത്തിലായിരുന്നു.
സുജാത ക്ഷണിച്ചത് അനുസരിച്ചാണ് ഗണേഷ് ഭോപ്പാലിലെത്തിയത്. എന്നാല്‍ ഭോപ്പാലിലെത്തിയ തന്നെ ഇരുട്ട് മുറിയിലാക്കി നിര്‍ബന്ധിച്ച് ലഹരി പാനീയം നല്‍കിയതിന് ശേഷം സുജാതയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ സുജാതയും ചില ബന്ധുക്കളും ചേര്‍ന്ന് ചില ഫോട്ടോകള്‍ എടുത്തു. 40 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്താനും തുടങ്ങി. ഗണേഷിനെതിരെ വ്യാജ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് കമല നഗര്‍ പൊലീസിനോട് യുവാവ് വ്യക്തമാക്കിയത്.
യുവാവിന്‍റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 294, 323, 342, 506, 34 വകുപ്പുകള്‍ അനുസരിച്ച് നാല് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് വ്യക്തമാക്കി. യുവാവിന്‍റെ സുഹൃത്തായ സുജാത, സുജാതയുടെ പിതാവ് കമലേഷ് സിംഗ്, സഹോദരന്‍ ശൈവേഷ് സിംഗ്, സഹോദരി ഭര്‍ത്താവ് വിജേന്ദ്ര കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഒളിവില്‍ പോയ ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് വിശദമാക്കി.
കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽവെച്ച് പരസ്യമായി 16കാരിയുടെ കഴുത്തിൽ മംഗല്യസൂത്രം ചാർത്തിയ സംഭവത്തിൽ 17കാരനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടപടിയെടുക്കണമെന്ന് ആവശ്യമുയർന്നതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ചിദംബരത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ വച്ച് 16 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിനിയുടെ കഴുത്തിൽ 17കാരൻ ആളുകൾ നോക്കിനിൽക്കെ താലി ചാർത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam