ഗ്രേഡ് എസ്ഐയുടെ ആത്മഹത്യ: എസ്എച്ചഒയ്ക്ക് എതിരെ ആരോപണവുമായി കുടുംബം

By Web TeamFirst Published Oct 9, 2020, 12:54 PM IST
Highlights

സെപ്റ്റംബർ ഒന്നിനാണ് ജോലിചെയ്തിരുന്ന വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമ മുറിയിൽ ഗ്രേഡ് എസ്ഐ രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കൊളെജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗ്രേഡ് എസ്ഐയുടെ ആത്മഹത്യയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ ആരോപണവുമായി കുടുംബം. ഒരാഴ്ച മുമ്പ് വിളപ്പിൽശാല സ്റ്റേഷനിലിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച എസ്ഐ രാധാകൃഷ്ണൻ  ഇന്ന് പുലർച്ചെയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മേലധികാരിയായ എസ്എച്ച്ഒയുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കി കുടുംബം പരാതി നൽകിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിനാണ് ജോലി ചെയ്തിരുന്ന വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ വിശ്രമ മുറിയിൽ ഗ്രേഡ് എസ്ഐ രാധാകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്. ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കൊളെജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പുലർച്ച അഞ്ച് മണിക്കാണ് മരണം സ്ഥിരീകരിച്ചത്. അൻപത്തിമൂന്ന് വയസുള്ള രാധാകൃഷ്ണൻ നാല് മാസം മുമ്പാണ് വിളപ്പിൽ ശാല സ്റ്റേഷനിൽ എത്തുന്നത്.

ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത് രാധാകൃഷ്ണൻ മാനസിക പീഡനം നേരിട്ടെന്ന് പരാതിയുയർന്ന അതെ സ്റ്റേഷനിലാണ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. എസ്എച്ചഒ സജിമോനെതിരായ പരാതി അന്വേഷിക്കുമെന്ന് റൂറൽ എസ്പി ഡി അശോകൻ വ്യക്തമാക്കി. എന്നാൽ രാധാകൃഷ്ണന്‍റെ കുടുംബത്തിന്‍റെ ആരോപണങ്ങൾ സജിമോൻ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സജിമോൻ പറഞ്ഞു.

click me!