
അടൂര്‍: വിവാഹം (Marriage) കഴിഞ്ഞ് ആദ്യരാത്രി (First Night) നവവധുവിനൊപ്പം (Groom) ചെലവഴിച്ച ശേഷം സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹപ്പിറ്റേന്ന് പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവുമായി മുങ്ങിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവിന്റെ പരാതിയില്‍ വിശ്വാസ വഞ്ചനക്ക് അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കായംകുളം എം.എസ്.എച്ച്എസ്.എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) വയസ്സ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജനുവരി 30ന് ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരം നടന്നത്. തുടര്‍ന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിന്റെ വീട്ടിലെത്തി. 31ന് പുലര്‍ച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും താന്‍ ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീന്‍ വധൂഗൃഹത്തില്‍ നിന്നും പോകുകയായിരുന്നു.
ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി.
തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ വീട്ടുകാരെ വിവരം അറിയിച്ച ശേഷം, അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിശ്വാസ വഞ്ചനക്ക് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു പൊലീസ് അന്വേഷണത്തില്‍ അസറുദ്ദീന്‍ രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി. പ്രതി ചേപ്പാടുള്ള ആദ്യ ഭാര്യയുടെ വീട്ടിലാണെന്നു മനസ്സിലാക്കിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അടൂര്‍ ഡി.വൈ.എസ്.പി ആര്‍. ബിനുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരായ അടൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പ്രജീഷ് ടി.ഡി, എസ്.ഐ വിമല്‍ രംഗനാഥ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സോളമന്‍ ഡേവിഡ്, സൂരജ്, അമല്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam