കുറ്റവാളികളെ കണ്ടെത്താന്‍ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സംവിധാനവുമായി ഗുജറാത്ത് പൊലീസ്

By Web TeamFirst Published Aug 15, 2020, 8:31 PM IST
Highlights

പൊലീസ് സ്ഥാപിച്ച ഏതെങ്കിലും സിസിടിവിയില്‍ ഇവരുടെ മുഖം പതിഞ്ഞാല്‍ അപ്പോള്‍ അറിയിപ്പ് ലഭിക്കുന്നതാണ് സംവിധാനം.
 

വഡോദര: കുറ്റവാളികളെ കണ്ടെത്താനായി ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സംവിധാനവുമായി (എഫ്ആര്‍എസ്) ഗുജറാത്ത് പൊലീസ്.  വഡോദര നഗരത്തിലാണ് സംവിധാനം പരീക്ഷിച്ചത്. എഫ്ആര്‍എസ് പരീക്ഷണം വിജയമായിരുന്നെന്നും വഡോദരയിലെ പൊലീസിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഡിസിപി സന്ദീപ് ചൗധരി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ഒളിവില്‍ പോയവര്‍, കാണാതായ കുട്ടികള്‍, കുറ്റവാളികള്‍ എന്നിവരെ കണ്ടെത്താന്‍ പൊലീസിന്റെ സിസിടിവി നെറ്റ് വര്‍ക്കും ഡാറ്റാ ബേസും ഉപയോഗിച്ച് എഫ്ആര്‍എസ് സംവിധാനത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

ഒളിവില്‍ പോയ കുറ്റവാളികളുടെയും കാണാതായ കുട്ടികളുടെയും ഡാറ്റാബേസ് നിലവിലുണ്ട്. പൊലീസ് സ്ഥാപിച്ച ഏതെങ്കിലും സിസിടിവിയില്‍ ഇവരുടെ മുഖം പതിഞ്ഞാല്‍ അപ്പോള്‍ അറിയിപ്പ് ലഭിക്കുന്നതാണ് സംവിധാനം. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. വഡോദരയില്‍ 700 സിസിടിവികളാണ് പൊലീസ് സ്ഥാപിച്ചിരിക്കുന്നത്. അധികമായി 400 സിസിടിവി കൂടി സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ സംവിധാനം പ്രവര്‍ത്തിക്കുക.
 

click me!