പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി

By Web TeamFirst Published Sep 18, 2019, 10:43 AM IST
Highlights

യുവതികളുടെ സഹോദരന്‍ കാമുകിയുമായി ഒളിച്ചോടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണായായ യുവതിയെയും രണ്ട് സഹോദരിമാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരുടെ കൊടും ക്രൂരത.

ഗുവാഹത്തി: പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയതായി പരാതി. ആസാമിലെ ഡരാംഗ് ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. സെപ്തംബര്‍ 8ന് നടന്ന സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിവരിച്ചുകൊണ്ട് യുവതിയും സഹോദരിമാരും പറഞ്ഞത്. താന്‍ രണ്ട് മാസവും 22 ദിവസവും ഗര്‍ഭിണിയായിരുന്നെന്നും എന്നാല്‍ പോലീസ് മര്‍ദ്ദനത്തില്‍ ഗര്‍ഭം അലസിയെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. 

യുവതികളുടെ സഹോദരന്‍ കാമുകിയുമായി ഒളിച്ചോടിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണായായ യുവതിയെയും രണ്ട് സഹോദരിമാരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു പൊലീസുകാരുടെ കൊടും ക്രൂരത. മൂവരെയും ഇവിടെ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കാമുകിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചോദ്യം ചെയ്യാനായിരുന്നു യുവാവിന്‍റെ സഹോദരിമാരെ പോലീസ് വിളിച്ചുവരുത്തിയത്. 

ബുഹ്‌റ പോലീസ് ഔട്ട്പോസ്റ്റിലെ ഇന്‍ചാര്‍ജ് ആയിരുന്ന ഉദ്യോഗസ്ഥന്‍ തങ്ങളെ സെപ്റ്റംബര്‍ രാത്രി വീട്ടില്‍ നിന്നും ചോദ്യം ചെയ്യാന്‍ കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് രാത്രി പൊലീസ് സ്റ്റേഷനില്‍ വെച്ച് തങ്ങളെ അവിടുള്ള ഉദ്യോഗസ്ഥര്‍ വിവസ്ത്രരാക്കുകയും ക്രൂരമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവമേല്‍പ്പിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. 

തങ്ങളെ ക്രൂര പീഡനത്തിനിരയാക്കിയത് രണ്ട് പുരുഷ ഉദ്യോഗസ്ഥരും ഒരു വനിത ഉദ്യോഗസ്ഥയുമാണെന്ന് യുവതി പറയുന്നു. ഒളിച്ചോടി പോയ സഹോദരന്റെയും കാമുകിയുടെയും കാര്യം തിരക്കിയായിരുന്നു ക്രൂര പീഡനം. ക്രൂര മര്‍ദ്ദനത്തിന് ശേഷം മൂന്ന് ദിവസം താന്‍ ആശുപത്രിയിലായിരുന്നെന്നും എന്നാല്‍ തന്‍റെ ഗര്‍ഭം അലസിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതായും ഗര്‍ഭിണിയായിരുന്നു എന്നവകാശപ്പെട്ട യുവതി പറഞ്ഞു.

സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായി. യുവതികളെ ക്രൂരമായി പീഡിപ്പിച്ച വനിത ഉദ്യോഗസ്ഥ അടക്കം ഉള്ള മൂന്ന് പേരെയും സസ്‌പെന്‍ഡ് ചെയ്തു. മാത്രമല്ല ഇവര്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

click me!