ഹത്റാസ് കൊലപാതകം; പെണ്‍കുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പ്രചാരണം, പൊലീസിനെതിരെ കുടുംബം

By Web TeamFirst Published Oct 3, 2020, 12:44 AM IST
Highlights

''വീടിന് ചുറ്റും പൊലീസാണ്, ഏങ്ങോട്ട് പോകാനും അനുവദിക്കുന്നില്ല, വക്കീലിനെ കാണാൻ കഴിയുന്നില്ല. സഹോദരി കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്''- പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.

കാണ്‍പൂര്‍: ഹത്റാസ് കൊലപാതകത്തിൽ യു.പി. പൊലീസിനെതിരെ ആഞ്ഞടിച്ച് പെണ്‍കുട്ടിയുടെ കുടുംബം. ബലാൽസംഗമില്ലെന്ന പൊലീസ് നിലപാട് തള്ളിയ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. പൊലീസ് കേസ് അട്ടിമറിക്കുകയാമെന്നും പെണ്‍കുട്ടി മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് പ്രചരപ്പിക്കുന്നുവെന്നും സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം പെൺകുട്ടിയുടെ ബന്ധുക്കൾ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയ പൊലീസ് സ്ഥലത്തെത്തിയ തൃണമൂൽ എംപിമാരെ തടഞ്ഞു.  വീടിന് ചുറ്റും പൊലീസാണ്, ഏങ്ങോട്ട് പോകാനും അനുവദിക്കുന്നില്ല, വക്കീലിനെ കാണാൻ കഴിയുന്നില്ല. സഹോദരി കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്- പെണ്‍കുട്ടിയുടെ സഹോദരന്‍ പറയുന്നു.

യു.പി പൊലീസിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. കേസ് സിബിഐക്ക് വിടണമെന്ന നിലപാട് കുടുംബം ആവർത്തിക്കുന്നു. അഭിഭാഷകരെ കാണാനോ, മാധ്യമങ്ങളോട് മിണ്ടാനോ അവുവദിക്കാതെ ഗ്രാമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തുന്നു എന്നും സഹോദരൻ പറഞ്ഞു

ഇതിനിടെ ഗ്രാമാതിര്‍ത്തിയിൽ മാധ്യമങ്ങളെ കാണാൻ എത്തിയ പെൺകുട്ടിയുടെ പതിനഞ്ചുകാരനായ ബന്ധുവിനെ പൊലീസ് വിരട്ടിയോടിച്ചു. കനത്ത പൊലീസ് കാവലിലാണ് ഹത്റാസ് ഗ്രാമം. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണൂൽ നേതാവ് ഡെറിക് ഒബ്റിയനെ തടഞ്ഞു. പോലീസ് തള്ളിയിട്ടെന്ന് ഡെറക് ഒബ്രിയൻ ആരോപിച്ചു

തൃണമൂ‌ൽ കോൺഗ്രസിനൊപ്പം ആം ആദ്മി പാർട്ടിയും പൊലീസ് വിലക്കിനെതിരെ പ്രതിഷേധവുമായി എത്തി. ഹത്രാസിൽ പ്രതികളെ അനുകൂലിച്ചും പ്രകടനം നടന്നു. സംഭവം രാഷ്ട്രീയം വിഷയമാക്കുന്നതിന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സവർണ്ണ പരിഷത്താണ് പ്രതിഷേധിച്ചത്. ഗ്രാമത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ് രണ്ടു കിലോമീറ്റർ ആകലെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തടയുകയാണ്

click me!