വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ

By Web TeamFirst Published Oct 24, 2021, 12:09 AM IST
Highlights

വ്യാഴാഴ്ചയാണ് ഗ്രാനൈറ്റ് ഇറക്കുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. 

തൃശ്ശൂർ: വടക്കാഞ്ചേരിക്ക് സമീപം മലാക്കയിൽ ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ വീട്ടുടമയേയും ഭാര്യയേയും അക്രമിച്ച കേസിൽ എട്ട് സിഐടിയു പ്രവർത്തകർ അറസ്റ്റിൽ. തൊഴിലാളികളെ ആക്രമിച്ചെന്ന പരാതിയിൽ വീട്ടുടമ പ്രകാശനുൾപ്പെടെ ആറ് പേർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു. ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘട്ടനമായതെന്നും നോക്കുകൂലിയല്ല തർക്കവിഷയമെന്നും പൊലീസ് വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് ഗ്രാനൈറ്റ് ഇറക്കുന്നതിനെച്ചൊല്ലി ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പ്രകാശന്റെ വീട്ടിലെ പണിക്ക് കാണ്ടു വന്ന ഗ്രാനൈറ്റ് ഇറക്കാൻ തൊഴിലാളികളെ വിളിച്ചില്ലെന്ന തർക്കമാണ് സംഘർഷത്തിലെത്തിയത്. സംഘർഷത്തിൽ പ്രകാശന്റെ കൈ ഒടിഞ്ഞു. സംഭവത്തിൽസി ഐടി യു തൊഴിലാളികളായ ജോർജ്, സുകുമാരൻ, വിഷ്ണു, തന്പി, ജയകുമാർ, രാധാകൃഷ്ണൻ, രാജേഷ്, രാജീവൻ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

നോക്കുകൂലി നൽകാത്തതിനല്ല തർക്കമുണ്ടായതെന്ന് പാലീസ് പറഞ്ഞു. മറ്റുള്ളവരെ ഉപയോഗിച്ച് ഗ്രാനൈറ്റ് ഇറക്കിയതിനെത്തുടന്നുള്ള തർക്കത്തിന്റെ തുടർച്ചയായിരുന്നു ആക്രമണം. തൊഴിലാളികളെ അക്രമിച്ച സംഭവത്തിൽ വീട്ടുടമ പ്രകാശൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ കേസ് എടുത്തു. സംഭവത്തിന് ശേഷം ആശുപത്രിയിലായിരുന്ന പ്രകാശനും ഭാര്യയും വീട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.

click me!