
ഭോപാല്‍: കടം വാങ്ങിയ പണം തിരികെ ചോദിച്ച അമ്മാവനെ ക്രൂരമായി കൊല ചെയ്ത് അനന്തരവന്‍. മധ്യ പ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. 45കാരനായ വ്യാപാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. വിവേക് ശര്‍മ എന്നയാളെയാണ് അനന്തരവനായ മോഹിത് കൊന്ന് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് കവറുകളിലാക്കി ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയില്‍ കുഴിച്ച് മൂടിയത്. ഗോപാല്‍ കൃഷ്ണ സാഗര്‍ അണക്കെട്ടിന് സമീപത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ മോട്ടോര്‍ സൈക്കിളും കണ്ടെത്തിയിരുന്നു.
ജൂലൈ 12നാണ് അനന്തരവനായ മോഹിതിനെ കാണാനായി വിവേക് ശര്‍മ പോയത്. മോഹിതിന് നല്‍കിയ 90000 രൂപ വാങ്ങിക്കാനായായിരുന്നു ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നത് സാധാരണമായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ ചോദിച്ച സമയത്ത് പണം കൊടുക്കാനാവാതെ വന്നതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ മെഡിക്കല്‍ റപ്രസെന്‍റേറ്റീവായ മോഹിത് വിവേകിന്‍റെ ചായയില്‍ ഉറക്കുഗുളിക കലര്‍ത്തി. അബോധാവസ്ഥയിലായ വിവേകിനെ താമസിക്കുന്ന വീട്ടിലെത്തിച്ച് കൊലപ്പെടുത്തിയ ശേഷം ആറ് കഷ്ണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കുകയായിരുന്നു.
അണക്കെട്ടിന് സമീപത്തായി മൂന്ന് കുഴികള്‍ എടുത്ത ശേഷം പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിച്ച മൃതദേഹം കുഴികളിലിട്ട് മൂടുകയായിരുന്നു. വിവേക് വീട്ടിലേക്ക് മടങ്ങി വരാതായതോടെ ഫോണില്‍ ബന്ധപ്പെടുവാന്‍ കുടുംബം നിരവധി തവണ ശ്രമിച്ചിരുന്നു. സാധ്യമാകാതെ വന്നതോടെ കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ ആദ്യം പിടിച്ച് നിന്നെങ്കിലും പിന്നീട് മോഹിത് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതിന് പിന്നാലെ മൃതദേഹം മറവ് ചെയ്ത സ്ഥലം ഇയാള്‍ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ വിവേകിന്‍റെ കുടുംബം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam