ബാബുകുമാർ വധശ്രമക്കേസ്: പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു

By Web TeamFirst Published Jul 1, 2020, 12:41 PM IST
Highlights

ആശ്രാമം ഗസ്റ്റ് ഹൗസിൽ ഡിവൈഎസ്പി സന്തോഷ് നായർ നടത്തിയ മദ്യ സൽക്കാരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വൈരാഗ്യത്തിന് എഎസ്ഐ ബാബുകുമാറിനെ കൊലപ്പെടുത്താൻ പ്രതികള്‍ ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്

കൊച്ചി: കൊല്ലത്ത് എഎസ്ഐ ബാബുകുമാർ വധശ്രമക്കേസിൽ പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഡിവൈഎസ്പി സന്തോഷ്‌ എം നായർ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. പ്രതികൾ നൽകിയ അപ്പീൽ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. 10 വർഷം തടവും പിഴയും ആയിരുന്നു സിബിഐ കോടതി ശിക്ഷ വിധിച്ചത്.

ഡിവൈഎസ്പി സന്തോഷ്‌ നായർക്ക് പുറമെ വിനീഷ്, സന്തോഷ്‌ കുമാർ, എഡ്വിൻ  എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതും തടഞ്ഞിട്ടുണ്ട്. 2011 ജനുവരി 11നാണ് ബാബുകുമാർ ആക്രമിക്കപ്പെട്ടത്. ആശ്രാമം ഗസ്റ്റ് ഹൗസിൽ ഡിവൈഎസ്പി സന്തോഷ് നായർ നടത്തിയ മദ്യ സൽക്കാരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച വൈരാഗ്യത്തിന് എഎസ്ഐ ബാബുകുമാറിനെ കൊലപ്പെടുത്താൻ പ്രതികള്‍ ചേർന്ന് ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

വാർത്ത റിപ്പോർട്ട്‌ ചെയ്ത പത്രപ്രവർത്തകൻ വി ബി ഉണ്ണിത്താനും അക്രമിക്കപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് എം നായര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ എസ് വിജയന്‍, കൊല്ലം നഗരത്തിലെ പ്രബല ഗുണ്ടാത്തലവനും 'നവന്‍ ഷിപ്പിംഗ്‌ കമ്പനി' ഉടമയുമായ കണ്ടെയ്നര്‍ സന്തോഷ് എന്ന സന്തോഷ് കുമാര്‍, ജിണ്ട അനി എന്ന വിനേഷ് , പെന്റി എഡ്വിന്‍ ഓസ്റ്റിന്‍, പുഞ്ചിരി മഹേഷ് എന്ന മഹേഷ് എന്നിവരായിരുന്നു വധശ്രമക്കേസിലെ പ്രതികള്‍. 

ഇതിൽ ഡിവൈഎസ്പി സന്തോഷ് നായർ, കണ്ടെയ്നർ സന്തോഷ്, വിനേഷ്, പെൻ്റി എഡ്വിൻ ഓസ്റ്റിൻ എന്നിവരെയായിരുന്നു സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയിരുന്നത്. നാല് പേർക്കും 10 വർഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി ഡിവൈഎസ്പി സന്തോഷ് നായർ 50,000 രൂപയും മറ്റ് പ്രതികൾ 25,000 രൂപയും പിഴയടക്കണമെന്നായിരുന്നു വിധി. കേസിലെ പ്രതികളായിരുന്ന ഡിവൈഎസ്പി വിജയൻ, മഹേഷ് എന്നിവരെ കോടതി വെറുതെവിട്ടിരുന്നു.
 

click me!