'ഹലാല്‍' സ്റ്റിക്കര്‍ ഒട്ടിച്ചതിന് ബേക്കറി കടയുടമയ്ക്ക് ഭീഷണി; നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

By Web TeamFirst Published Mar 17, 2021, 8:28 PM IST
Highlights

പാറക്കടവ് സ്വദേശികളായ സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്.

കൊച്ചി: ബേക്കറിയിൽ ഹലാൽ സ്റ്റിക്കർ വെച്ചതിന് കടയുടമയെ ഭീഷണിപ്പെടുത്തിയ കേസില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പാറക്കടവ് സ്വദേശികളായ സുജയ്, ലെനിന്‍, അരുണ്‍, ധനേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കുറുമശേരിയിലെ ബേക്കറിയുടമയെയാണ് ഇവര്‍ ഭീഷണിപ്പെടുത്തിയത്. 

ഡിസംബര്‍ 28 ആ൦ തിയതിയാണ് സംഭവം. കുറുമശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ച കടയ്ക്ക് മുന്നില്‍ ഹലാല്‍ വിഭവങ്ങള്‍ ലഭിക്കുമെന്ന സ്റ്റിക്കര്‍ കടയ്ക്ക് മുന്നില്‍ പതിച്ചിരുന്നു. ഈ സ്റ്റിക്കര്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റണമെന്നും അല്ലെങ്കില്‍ കടയ്ക്ക് മുന്നില്‍ സമരം ചെയ്യും എന്നും ഹിന്ദു ഐക്യവേദിയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടയുടമ സ്റ്റിക്കര്‍ നീക്കം ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായതോടെ പൊലീസ് ഇടപെട്ട് കേസെടുക്കുകയായിരുന്നു. സുജയ്, ലെനിൻ, അരുൺ, ധനേഷ് എന്നിവരെ മതസ്പര്‍ധ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന കുറ്റം ചുമത്തിയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

click me!