ഹിന്ദു മഹാസഭയുടെ മുന്‍ നേതാവ് കമലേഷ് തിവാരിയെ കുത്തികൊലപ്പെടുത്തി

By Web TeamFirst Published Oct 18, 2019, 4:44 PM IST
Highlights

ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് ഇവര്‍ തിവാരിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിവാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് ഇയാളുടെ അനുയായികള്‍ സംഘടിച്ച് പ്രതിഷേധത്തിലാണ്. 

ലഖ്‌നൗ: ഹിന്ദു മഹാസഭയുടെ മുന്‍ നേതാവും നിലവില്‍ ഹിന്ദു സമാജ് പാര്‍ട്ടി നേതാവുമായ  കമലേഷ് തിവാരിയെ ഒരു സംഘം കുത്തികൊലപ്പെടുത്തി. തിവാരിയുടെ ലഖ്‌നൗവിലെ ഓഫീസില്‍ വച്ചായിരുന്നു 45 വയസുള്ള തിവാരിയെ വെള്ളിയാഴ്ച കൊലപ്പെടുത്തിയത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. 

കാവി വസ്ത്രധാരികളായി എത്തിയവര്‍ തിവാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ദീപാവലി സമ്മാനം നല്‍കാനെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഓഫീസിനുള്ളില്‍ കടന്നത്. ഓഫീസിനുള്ളില്‍ കടന്നയുടന്‍ തിവാരിയുടെ കഴുത്തില്‍ മുറുവുണ്ടാക്കി. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടും മുന്‍പ് നിരവധി തവണ കഴുത്തില്‍ ആഞ്ഞുകുത്തി. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് തന്നെ തിവാരിയുടെ മരണം സംഭവിച്ചിരുന്നു.

ഓഫീസിലേക്ക് എത്തുന്നതിന് മുമ്പ് ഇവര്‍ തിവാരിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിവാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് ഇയാളുടെ അനുയായികള്‍ സംഘടിച്ച് പ്രതിഷേധത്തിലാണ്. ഇതിനാല്‍ തന്നെ പ്രദേശത്ത് അതീവ സുരക്ഷയിലാണ് പൊലീസ്. കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതക കാരണം സംബന്ധിച്ച് പൊലീസിന് സൂചനകള്‍ ഒന്നും ഇല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പ്രതികളെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയതായി ലഖ്‌നൗ എസ്.എസ്.പി കലാനിധി നൈതാനി അറിയിച്ചു. ഹിന്ദു മഹാസഭയിലെ തര്‍ക്കങ്ങള്‍ കാരണം 2017 ജനുവരിയില്‍ തിവാരി സംഘടന വിട്ടിരുന്നു. തുടര്‍ന്ന് ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിച്ചു. 2015 കാലത്ത്  ദേശീയ സുരക്ഷ നിയമം ചുമത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്ത വ്യക്തിയാണ് തിവാരി. പിന്നീട് ഈ കേസ് യുപി ഹൈക്കോടതി തള്ളിയിരുന്നു.

click me!