
സെയ്ന്റ് പീറ്റേഴ്ബെർഗ്: വാക്കുതർക്കത്തെ തുടർന്ന് കാമുകിയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കിയ റഷ്യയിലെ പ്രമുഖ ചരിത്ര ഗവേഷകൻ അറസ്റ്റിൽ. സെന്റ് പീറ്റേഴ്സ്ബെർഗ് സർവ്വകലാശാലയിലെ പ്രൊഫസറുകൂടിയായ ഒലെഗ് സൊകോലോവ് (63) ആണ് അറസ്റ്റിലായത്. മൂന്നായി വെട്ടിമാറ്റിയ കാമുകിയുടെ ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിക്ഷേപിക്കുന്നതിനിടെയാണ് ഒലെഗ് അറസ്റ്റിലായത്.
24കാരി അനസ്താസിയ യെഷ്ചെങ്കോയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ഒലെഗ് അനസ്താസിയയുടെ ശരീരത്തിൽ നിന്ന് വെട്ടിയെടുത്ത കൈകൾ ബാഗിലാക്കി ഉപേക്ഷിക്കുന്നതിനിടെ പുഴയിൽ വീഴുകയായിരുന്നു. ഒലെഗിനെ രക്ഷിക്കുന്നതിനിടെ ഇയാളുടെ ബാഗിൽ നിന്നും പൊലീസ് കൈകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒലെഗ് കൊലപാതകവിവരം പൊലീസിനെ അറിയിക്കുന്നത്.
തന്റെ മുൻ വിദ്യാർത്ഥിയും കാമുകിയുമായ അനസ്താസിയയെ വാക്ക് തർക്കത്തെ തുടർന്ന് കൊല്ലുകയായിരുന്നുവെന്ന് ഒലെഗ സമ്മതിച്ചു. കൊലപ്പെടുത്തിയതിന് ശേഷമാണ് അനസ്താസിയയുടെ തലയും കൈകളും കാലുകളും വെട്ടിമാറ്റിയത്. തെളിവ് നശിപ്പിച്ചശേഷം നെപ്പോളിയനെപ്പോലെ വേഷം ധരിച്ച് ആത്മഹത്യ ചെയ്യാനായിരുന്നു തന്റെ പദ്ധതിയെന്നും ഒലെഗ് പൊലീസിനോട് പറഞ്ഞു. അതേസമയം, പുഴയിലെ തണുത്ത വെള്ളത്തിൽ വീണ ഒലെഗ് ഇപ്പോൾ ഹൈപ്പോ തെർമ്മിയ എന്ന രോഗാവസ്ഥയിലാണുള്ളതെന്നും ഇതിന് ചികിത്സ തേടുകയാണെന്നും പൊലീസ് വ്യക്തമാക്കി.
നെപ്പോളിയനെപ്പറ്റിയുള്ള പഠനത്തിൽ അഗ്രഗണ്യനായിരുന്നു ഒലെഗിന് ഫ്രാൻസിന്റെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നായ ലീജിയൺ ഡി' ഓണർ ലഭിച്ചിട്ടുണ്ട്. നെപ്പോളിയനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ എഴുതിയ ഒലെഗ് ചരിത്രപരമായ ഒട്ടേറെ സിനിമകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam