അയൽവാസിയുടെ വീടിന് തീയിട്ട് മുങ്ങിയ കേസ് പ്രതി പിടിയില്‍

By Web TeamFirst Published Aug 17, 2019, 10:56 PM IST
Highlights

അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ കോതമംഗലം പൊലീസ് പിടികൂടി.

കോതമംഗലം: അയൽവാസിയുടെ വീട് കത്തിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ കോതമംഗലം പൊലീസ് പിടികൂടി. കോതമംഗലം, പാറച്ചാലിപ്പടി സ്വദേശി പുത്തൻപുരക്കൽ ജോസ് ജോർജ് ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ പൊട്ടനാനിയാൽ ലാലു മാത്യുവിൻറെ വീടാണ് ജോസ് കത്തിച്ചത്. രാത്രി എട്ടരയോടെ ലാലുവിൻറെ വീട്ടിലെത്തിയ പ്രതി വീട്ടിനുള്ളിൽ ഡീസൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 

ലാലുവിന്‍റെ വീടിനു സമീപം ജോസ് മതിലു പണിതതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് സംഭവദിവസം ഈ മതിൽ പൊളിഞ്ഞ് ലാലുവിന്റെ വീട്ടുമുറ്റത്ത് പതിച്ചു. മതിൽ പൊളിഞ്ഞതിൽ ലാലുവിന് പങ്കുണ്ടെന്ന് ആരോപിച്ച് ജോസ് ഭീഷണി മുഴക്കിയതിനെ തുടർന്ന് ലാലുവും കുടുംബവും ബന്ധു വീട്ടിലേക്ക് മാറിയിരുന്നു.

സംഭവത്തെത്തുടർന്ന് ജോസ് ഒളിവിലായിരുന്നു. പിടിയിലായ ജോസിനെ കോതമംഗലം സിഐ യൂനസിൻറെ നേതൃത്വത്തിൽ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തീകത്തിച്ച വിധം ഇയാൾ പൊലീസിന് വിവരിച്ചുകൊടുത്തു. ഓട് പൊളിച്ച് വീട്ടിനുള്ളിൽ കടന്ന് ഡീസൽ ഒഴിച്ച ശേഷം പുറത്തെത്തിയാണ് തീ കൊളുത്തിയതെന്ന് ജോസ് പൊലീസിനോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!