
കോഴിക്കോട്: ഹോട്ടലുടമ സിദ്ദിഖിന്‍റെ കൊലപാതകത്തില്‍ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്ത്. രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാര്‍ മൊഴി നല്‍കുന്നത്. സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ മൊഴി നൽകി.
മുറിയിൽ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫർഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫർഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളിൽ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയിൽ പിന്നീട് കസ്റ്റമേഴ്സ് വന്നിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പൊലീസില്‍ മൊഴി നൽകി.
Also Read: വ്യാപാരിയുടെ കൊലപാതകം ദുരൂഹം, വെട്ടി നുറുക്കി പെട്ടിയിലാക്കി തള്ളി, കൊല നടത്തിയത് ഹോട്ടൽ മുറിയിൽ
സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിൽ ഇതുവരെ മൂന്ന് പേരാണ് പിടിയിലായത്. ഹോട്ടൽ ജീവനക്കാരനായിരുന്ന ഷിബിലി ഇയാളുടെ സുഹൃത്തുക്കളായ ഫർഹാന, ആഷിക് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. ചെന്നൈയിൽ പിടിയിലായ ഷിബിലിയെയും ഫർഹാനയെയും രാത്രിയോടെ മലപ്പുറത്ത് എത്തിക്കും. അതേസമയം, കൊല്ലപ്പെട്ട സിദ്ദീഖിന്റെ മൃതദേഹം രാത്രിയോടെ സംസ്കരിക്കും.
അടിമുടി ദുരൂഹത നിറഞ്ഞ കൊലപാതകം ചുരുളഴിഞ്ഞത് ഇരുപത്തി ഒന്നാം തിയതി സിദ്ദിഖിന്‍റെ ബന്ധുക്കള്‍ പൊലീസിന് കൊടുത്ത പരാതിക്ക് പിന്നാലെയാണ്. 18-ാം തിയതി വൈകീട്ട് മുതൽ സിദ്ദിഖിന്‍റെ ഫോൺ സ്വിച്ച് ഓഫാണ്. വീട്ടിൽ നിന്നും പോയ അന്ന് രാത്രിയാണ് ഫോൺ സ്വിച്ച് ഓഫായത്. പണം പിൻവലിച്ചത് അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിലെ രണ്ട് എടിഎമ്മിൽ നിന്നാണ്. അന്ന് തന്നെ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തിരുന്നുവെന്ന് സിദ്ദിഖിന്‍റെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam