ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; വീട്ടമ്മക്ക് പരിക്ക്

By Web TeamFirst Published Oct 12, 2020, 1:33 AM IST
Highlights

ഇന്നലെ രാത്രി എട്ടരയോടെ എത്തിയ അക്രമി സംഘം ആന്‍സിയേയും മകനെയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും മുറ്റത്ത് കിടന്നിരുന്ന ജീപ്പും അടിച്ചു തകര്‍ത്തു.
 

ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിയില്‍ ഗുണ്ടാസംഘത്തിന്റെ വീടുകയറിയുള്ള ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. ഇരുപതോളം വരുന്ന അക്രമി സംഘം വീട്ടുപകരണങ്ങളും ജീപ്പും അടിച്ചുതകര്‍ത്തു. പശുവിനെ വാങ്ങിയതുമായുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

വെള്ളയാംകുടി സ്വദേശി ആന്‍സിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ എത്തിയ അക്രമി സംഘം ആന്‍സിയേയും മകനെയും മര്‍ദ്ദിക്കുകയും വീട്ടുപകരണങ്ങളും മുറ്റത്ത് കിടന്നിരുന്ന ജീപ്പും അടിച്ചു തകര്‍ത്തു. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാലയും അക്രമികള്‍ മോഷ്ടിച്ചതായി പരാതിയുണ്ട്. ആന്‍സിയുടെ ഭര്‍ത്താവ് സാബു മൂന്ന് മാസം മുമ്പ് വള്ളക്കടവ് സ്വദേശി സജിയില്‍ നിന്ന് പശുവിനെ വാങ്ങിയിരുന്നു. 12 ലിറ്റര്‍ പാല് കിട്ടുമെന്നായിരുന്നു ഉറപ്പ്. എന്നാല്‍ ഇത്ര കിട്ടുന്നില്ലെന്നും പണം മടക്കി കിട്ടണമെന്നും സാബു ഇയാളുടെ വീട്ടിലെത്തി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അക്രമി സംഘമെത്തിയത്. ഈ സമയത്ത് സാബു വീട്ടിലുണ്ടായിരുന്നില്ല.

ആന്‍സിയുടെ പരാതിയില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സാബു മര്‍ദ്ദിച്ചെന്നാരോപിച്ച് സജിയും പരാതി നല്‍കിയിട്ടുണ്ട്

click me!