
പാല: ഭർത്താവിന്‍റെ വീട്ടുകാർ സോഷ്യൽ മീഡിയ ഉപയോഗത്തെ ചോദ്യം ചെയ്തതിന് പിന്നാലെ പാലായിൽ (pala) യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തോടനാൽ സ്വദേശി ദൃശ്യയാണ് മരിച്ചത്. ഭർത്താവിന് വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് (suicide) പ്രാഥമിക നിഗമനം.
സോഷ്യൽ മീഡിയ ഉപയോഗത്തിലും ഇടപെടലുകളിലും ഏറെ സജീവമായിരുന്നു ഇരുപത്തിയാറുകാരിയായ ദൃശ്യ. എന്നാൽ ഇത് ഭർത്താവ് ഇലവനാംതൊടുകയില്‍ രാജേഷിന്‍റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച സ്വന്തം വീടായ ചിന്നാറിലേക്ക് ദൃശ്യ പോയി. അവിടെ നിന്ന് നിന്ന് തിരികെ വരുമ്പോൾ ആരെയെങ്കിലും കൂട്ടിക്കൊണ്ട് വരണമെന്ന് ഭർത്താവിന്‍റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
പക്ഷേ തിങ്കളാഴ്ച ദൃശ്യ തോടനാലിൽ തിരിച്ചെത്തിയെങ്കിലും കൂടെ ആരും വന്നില്ല. തുടർന്ന് ഭർത്താവിന്‍റെ വീട്ടുകാർ തന്നെ ദൃശ്യയുടെ വീട്ടുകാരെ വിളിച്ചുവരുത്തി. ദൃശ്യയുടെ സോഷ്യൽ മീഡിയ ഉപയോഗത്തെ കുറിച്ച് ഏറെനേരം ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടന്നു. ഇതിൽ പ്രശ്ന പരിഹാരമുണ്ടാക്കി രാത്രി ഒരു മണിയോടെയാണ് ദൃശ്യയുടെ വീട്ടുകാർ മടങ്ങിയത്.
പുലർച്ചയോടെ അയൽവാസിക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായപ്പോൾ, അത് നോക്കാൻ ഭർത്താവായ രാജേഷ് പോയി തിരിച്ചെത്തിയപ്പോൾ യുവതിയെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ രാവിലെ വീടിന് ഇരുന്നൂറ് മീറ്റർ അകലെയുള്ള അയൽവാസിയുടെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് നിന്ന് ഒരു ടോർച്ചും കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും പാലാ എസ്എച്ച്ഒ ടോംസണിന്‍റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam