Latest Videos

'വിരൽ കൊണ്ടെടുക്കും സാറേ, കഴുകിക്കളയും, ഒരു പ്രശ്നവുമില്ല', സയനൈഡിനെക്കുറിച്ച് ജോളി

By Web TeamFirst Published Oct 13, 2019, 1:48 PM IST
Highlights

അതിവിദഗ്ധയായ കുറ്റവാളിയായിരുന്നു ജോളി. ആർക്കും അവരെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല. ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നതെന്നാണ് വിവരം. കെ ജി സൈമൺ തുറന്നു പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് സന്ദീപ് തോമസ് കെ ജി സൈമണുമായി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം.

കോഴിക്കോട്: ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നെന്ന് കോഴിക്കോട് റൂറൽ എസ്‍പി കെ ജി സൈമൺ. ഇത് തെളിയിക്കുന്ന നിർണായകമായ തെളിവ് ഉടൻ അന്വേഷണ സംഘത്തിന് കിട്ടുമെന്നും കെ ജി സൈമൺ വ്യക്തമാക്കി. സയനൈഡ് ഉപയോഗിക്കണ്ടതെങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചു. കൈ കൊണ്ട് നുള്ളിയെടുക്കേണ്ടതെങ്ങനെ എന്നും പഠിച്ചു. 'ഒരു കുഴപ്പവുമില്ല സാറേ, ഞാൻ അത് നുള്ളിക്കളഞ്ഞതാണെന്ന് ജോളി പറഞ്ഞു'വെന്ന് കെ ജി സൈമൺ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് സന്ദീപ് തോമസ് കെ ജി സൈമണുമായി നടത്തിയ അഭിമുഖത്തിന്‍റെ രണ്ടാം ഭാഗം:

ചോദ്യം: ഇനിയും കൊലപാതകങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നാണോ പൊലീസ് കണ്ടെത്തിയിരിക്കുന്നത്? ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായി എന്ന് താങ്കൾ തന്നെ പറഞ്ഞ പശ്ചാത്തലത്തിലാണ് ഞാനിത് ചോദിക്കുന്നത്?

ഉത്തരം: ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായി എന്ന് ഞാൻ പറയാനുള്ള കാരണം, ഓരോ കൊലപാതകങ്ങൾക്കുമിടയിലുള്ള കാലം കുറഞ്ഞു വരികയായിരുന്നു. ആദ്യത്തേത് 2002-ലായിരുന്നെങ്കിൽ, രണ്ടാമത്തേത് 2008-ൽ. ആറ്, രണ്ട്, ഒന്നര, ഒന്ന് എന്നിങ്ങനെ കൊലപാതകങ്ങൾക്കിടയിലുള്ള കാലപരിധി കുറഞ്ഞു കുറഞ്ഞു വന്നു.  കൊലപാതക ശ്രമങ്ങൾ നിലവിൽ വലിയ ശ്രദ്ധയിലില്ല. എന്നോട് പലരും അത്തരം കൊലപാതകശ്രമങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരു ജില്ലയിലുള്ളവർ പോലും. വിഷം കലക്കി എന്ന് തന്നെയാണ് അവർ പറഞ്ഞത്. ആദ്യം അവർക്ക് സംശയം ഉണ്ടായിരുന്നു. അത് സ്ഥിരീകരിക്കാൻ അവർ ടെസ്റ്റ് ചെയ്യാൻ പോയപ്പോൾ പൊലീസ് കേസ് ഉണ്ടെങ്കിലേ ടെസ്റ്റ് ചെയ്യാനാകൂ എന്ന് സർക്കാർ ലാബ് പറഞ്ഞു. അവർ നല്ല മനുഷ്യരായതുകൊണ്ട് ജോളി കുടുങ്ങണ്ടെന്ന് കരുതിയാണ് കേസിന് പിന്നീട് പോകാതിരുന്നത്. ജോളിയുടെ പെരുമാറ്റം വലിയ ഘടകമായിരുന്നു. വളരെ നന്നായാണ് അവർ എല്ലാവരോടും പെരുമാറിയിരുന്നത്. 

ചോദ്യം:  ഈ കൊലപാതകങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാൻ ചെയ്ത് ജോളി നടപ്പാക്കിയത് ഏത് കൊലപാതകമായിരിക്കണം?

ഉത്തരം: എനിക്ക് തോന്നുന്നത്, മഞ്ചാടിയിൽ മാത്യുവിന്‍റെ കൊലപാതകമായിരിക്കണം. പല തവണ ശ്രമം നടത്തിയത് കുടുംബത്തിലെ അമ്മച്ചിയെ കൊല്ലാനാണ്. ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് തിരിച്ചറിയാനായില്ല. പിന്നീട് തിരിച്ച് കൊണ്ടുവരികയായിരുന്നല്ലോ. 

മഞ്ചാടി മാത്യുവിന് കൊലപാതകങ്ങളിൽ ശക്തമായ സംശയമുണ്ടായിരുന്നു. 

ചോദ്യം: പക്ഷേ മാത്യു മഞ്ചാടിയിൽ ജോളിയെ സംശയിച്ചിരുന്നില്ല എന്ന് കരുതാമോ? 

ഉത്തരം: അത് പറയാനാകില്ല. ഒരു പ്രത്യേകതയുണ്ട്. ഞാൻ സംസാരിച്ച ആരും പണ്ടത്തെ കാലത്തുള്ള ജോളിയുടെ പെരുമാറ്റത്തിൽ ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല. ഒരു കുറ്റവും പറ‍ഞ്ഞിട്ടില്ല. തികച്ചും മാന്യമായി നന്നായിട്ടല്ലേ അവർ എല്ലാവരോടും പെരുമാറിയിരുന്നത്? നാട്ടുകാർക്ക് പോലും ഇവരിങ്ങനെയാണെന്ന് കേട്ടപ്പോൾ ഞെട്ടലാണ്. 

ചോദ്യം: അന്നമ്മയുടെ കൊലപാതകം നടക്കുന്ന സമയത്ത് സയനൈഡ് ജോളിയുടെ കയ്യിലെത്തിയിട്ടില്ല എന്ന് കരുതാമോ? 

ഉത്തരം: പ്രാഥമികമായ അന്വേഷണത്തിൽ മനസ്സിലാവുന്നത് അതാണ്. ഇനി മാറിക്കൂടെന്നില്ല. 

ചോദ്യം: സയനൈഡ് എന്ന ആശയം ഒരു സാധാരണ വീട്ടമ്മയ്ക്ക് എങ്ങനെ കിട്ടിയെന്നാണ് താങ്കൾ കരുതുന്നത്? 

ഉത്തരം: വാർത്താ മാധ്യമങ്ങളിൽ നിന്നാണ് ഈ ആശയം അവർക്ക് കിട്ടുന്നത്. ഞാൻ ചോദിച്ചപ്പോ അവർ പറഞ്ഞത് 'സാറേ ഞാൻ പേപ്പർ കാണുന്നുണ്ടെന്നാ'. പത്രവാർത്തകളിൽ നിന്നാണ് ഇത് കിട്ടുന്നത്. ഇത് ചെയ്യണം എന്ന താത്പര്യമുള്ളവർ ഇതേക്കുറിച്ച് വിശദമായി പഠിക്കും. അങ്ങനെ പഠിച്ച് തന്നെയാണ് ഇവർ ഓരോ കൊലപാതകങ്ങളും നടത്തിയത്. ഇതിൽ ഒരു പരിധി കഴിഞ്ഞ അവസ്ഥയാണ്. 14 വർഷമാണ് എൻഐടിയിൽ പ്രൊഫസറാണെന്ന് പറഞ്ഞ് ഇവർ നാട്ടുകാരെ പറ്റിക്കുന്നത്. അതൊക്കെ നമുക്ക് ചിന്തിക്കാൻ പറ്റുന്നതിന് അപ്പുറമാണ്. ഞാനെന്‍റെ സർവീസിൽ ഇങ്ങനെയൊരു ചതി കണ്ടിട്ടില്ല. 

ചോദ്യം: എവിടെയായിരുന്നു ഇവർ പോയിരുന്നത് എന്നതിനെക്കുറിച്ച് വിവരങ്ങളെന്തെങ്കിലും?

ഉത്തരം: പല സ്ഥലങ്ങളുണ്ടെന്ന് പറയുന്നുണ്ട്. അവിടെയെല്ലാം തെളിവെടുപ്പിന് കൊണ്ടുപോയിട്ടുമുണ്ട്. അവിടെ ഒരു തയ്യൽക്കടയുണ്ടായിരുന്നു. പള്ളിയിൽ പോയിരുന്നു. 14 വർഷം അവരെന്ത് ചെയ്തു എന്നതിനെക്കുറിച്ച് വിശദമായ തെളിവുകളുണ്ട്. അത് കോടതിയിൽ നൽകേണ്ടതായതിനാൽ വിശദമായി പറയുന്നില്ല.

ചോദ്യം: സയനൈഡ് സ്വന്തമാക്കാൻ വേണ്ടി മാത്രമാണോ ഇവർ ഈ മറ്റ് പ്രതികളുമായി സൗഹൃദം സ്ഥാപിക്കുന്നത്?

ഉത്തരം: മാത്യു ബന്ധു തന്നെയാണല്ലോ. പ്രജുകുമാറിനെപ്പോലുള്ളവരുമായി ബന്ധപ്പെടുന്നത് സയനൈഡ് കിട്ടാനാണ്. അത് അത്ര പെട്ടെന്ന് കിട്ടുന്ന കാര്യമല്ലല്ലോ. രേഖാമൂലം ആരുടെ കയ്യിലൊക്കെയാണ് സയനൈഡുള്ളത്, അത് വേറാർക്കാണ് കൊടുത്തത് എന്ന് വിശദമായി അന്വേഷിച്ചു. റോയി വഴി കിട്ടാൻ ഒരു സാധ്യതയുമില്ല. റോയിക്ക് അത്തരം സുഹൃത്തുക്കളില്ല. പിന്നെ അന്വേഷിച്ചപ്പോഴാണ്, ഇങ്ങനെയൊരു ബന്ധം കണ്ടത്. അത് ശരിയാണെന്ന് വ്യക്തമായി. അതെങ്ങനെ തെളിയിച്ചു എന്ന് ഇപ്പോൾ തുറന്നു പറയുന്നില്ല. ഇത് നേരത്തേ ഞങ്ങൾക്ക് വിവരം ലഭിച്ചതാണ്. പിന്നെ ഇവർ തന്നെ തുറന്നു പറഞ്ഞു. 

ചോദ്യം: മറ്റ് പ്രതികൾക്ക് ജോളിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നോ? 

ഉത്തരം: ഇത് ഞങ്ങൾ അന്വേഷിച്ച് കണ്ടു പിടിക്കേണ്ടതാണ്. അവർ പറയുന്ന വിവരങ്ങൾ മാത്രം പോര. മാത്യുവിന് സംശയമുണ്ടായിരിക്കാം. റോയിയുടെ അടുത്ത സുഹൃത്താണ് മാത്യു. അന്ന് ജോളിയോട് സയനൈഡ് കൊടുത്താണോ റോയി മരിച്ചതെന്ന് താൻ ചോദിച്ചിട്ടുണ്ടെന്ന് മാത്യു ഞങ്ങളോട് പറയുന്നു. എന്നാൽ അന്ന് മാത്യു എന്തുകൊണ്ട് ഇത് തുറന്നു പറഞ്ഞില്ലെന്ന് ഞങ്ങൾക്ക് അറിയില്ല. 

ചോദ്യം: സയനൈഡ് ഒരു തവണ മാത്രമേ കൊടുത്തിട്ടുള്ളൂ എന്ന് പ്രജുകുമാർ പറഞ്ഞുവെന്ന് പറയുന്നല്ലോ. അത് ശരിയാണോ?

ഉത്തരം: അത് സമ്മതിച്ചല്ലോ. ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ പരിശോധിച്ച ശേഷം പറയാം. 

ചോദ്യം: ഇത്ര കാലം വീര്യത്തോടെ സൂക്ഷിച്ച് വയ്ക്കാൻ പറ്റുന്ന പദാർത്ഥമാണോ സയനൈഡ്?

ഉത്തരം: അതെ എന്ന് തന്നെയാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന അറിവ്. നിറവ്യത്യാസം വന്നേക്കാം എന്ന് മാത്രം. സ്വർണം കഴുകിയെടുക്കുന്ന ലായനി ഉപയോഗിച്ച്, കൊല്ലുന്ന തരത്തിലുള്ള കേസ് എനിക്കറിയാം. 

ചോദ്യം: പൊട്ടാസ്യം സയനൈഡ് എങ്ങനെ ഭക്ഷണത്തിൽ കലർത്തി, ഏത് അളവിൽ എന്നൊക്കെ ഇവർക്ക് മനസ്സിലായതെങ്ങനെ? 

ഉത്തരം: ഇത് പൊട്ടാസ്യം സയനൈഡാണോ എന്ന് എനിക്ക് സംശയമുണ്ട്. അതല്ലാത്ത സയനൈഡാണിത്. പൊട്ടാസ്യം സയനൈഡിന് വലിയ വിലയുണ്ട്. 

ചോദ്യം: ഇതെങ്ങനെ ഉപയോഗിക്കണമെന്ന് എവിടെ നിന്ന് അറിവ് കിട്ടിയെന്നാണ് ഇവർ പറഞ്ഞത്? 

ഉത്തരം: വിഷമായതുകൊണ്ടാണ് വിരൽ കൊണ്ട് എടുത്തതെന്ന് അവർ പറഞ്ഞിട്ടുണ്ട് ഞങ്ങളോട്. വിശദമായി തന്നെ പറഞ്ഞു. വിരൽ കൊണ്ട് നുള്ളി എടുത്ത് ഭക്ഷണത്തിൽ ചേർത്തു. ഞാനത് കഴുകിക്കളഞ്ഞിട്ടുണ്ട് സാറേ, ഒരു പ്രശ്നവുമില്ലല്ലോ എന്ന് അവർ പറഞ്ഞു.

ചോദ്യം: കൊണ്ടു നടക്കുമായിരുന്നോ ഇത്? 

ഉത്തരം: ചെറിയ ഡപ്പിക്കകത്ത് ഇത് കൊണ്ടു നടക്കുമായിരുന്നു. ആ തെളിവ് കിട്ടിയേക്കും. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല. 

click me!