
സിയോള്‍:ഹോട്ടലുകളില്‍ താമസിച്ചവരുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി തത്സമയം ഇന്‍റര്‍നെറ്റ് വെബ്സൈറ്റില്‍ സംപ്രേഷണം നടത്തിയതായി കണ്ടത്തല്‍. ദക്ഷിണ കൊറിയയിലെ വിവിധ ഹോട്ടലില്‍ താമസിച്ച് 1600 ഓളം പേരുടെ സ്വകാര്യനിമിഷങ്ങളാണ് തത്സമയം സംപ്രേഷണം ചെയ്യപ്പെട്ടത്. ഡിജിറ്റല്‍ ടിവി ബോക്സുകള്‍, ചുമരിലുള്ള സോക്കറ്റുകള്‍, ഹെയര്‍ ഡ്രൈറുകള്‍ എന്നിവയുടെ ഉള്ളിലാണ് രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ചത്. പ്രത്യേക പാക്കേജുകള്‍ എന്ന രീതിയില്‍ പണമടയ്ക്കുന്നവര്‍ക്ക് തത്സമയം ദൃശ്യങ്ങള്‍ ലഭ്യമാക്കുകയായിരുന്നു.
ദക്ഷിണ കൊറിയയിലെ പത്ത് നഗരങ്ങളിലായി 30 ഹോട്ടലുകളില്‍ 42 ക്യാമറകളായിരുന്നു ഇതിനായി ഘടിപ്പിച്ചത്. ദൃശ്യങ്ങള്‍ തത്സമയം കാണാനും നേരത്തെ ഉള്ളവയും കാണാനുമായി പ്രതിമാസം 4000 രൂപ അടച്ച് സൈറ്റിന്‍റെ പാക്കേജ് 97 പേര്‍ സ്വന്തമാക്കി. 4000 അംഗങ്ങളാണ് വിവിധ പാക്കേജുകളിലായി സൈറ്റില്‍ അംഗങ്ങളായുള്ളത്. 2018 നവംബര്‍ മുതല്‍ ഈ മാര്‍ച്ച് വരെ അഞ്ച് ലക്ഷത്തോളം രൂപ ഇതുവഴി സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി.
നേരത്തെയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും തത്സമയം സംപ്രേഷണം ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് പൊലീസ് പറയുന്നു. എന്‍റെ സ്വകാര്യത നിങ്ങളുടെ അശ്ലീലമല്ല എന്ന മുദ്രാവാക്യവുമായി ഇത്തരം സംഭവത്തിനെതിരെ നിരവധി സ്ത്രീകള്‍ കഴിഞ്ഞ വര്‍ഷം തെരുവിലിറങ്ങിയിരുന്നു. തുടര്‍ന്ന് പരിശോധനകളടക്കമുള്ള സംവിധാനങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് പുതിയ സംഭവം. ഹോട്ടലുകളിലെ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam