ഭാര്യ ഭീകരവാദിയെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍; വിദേശയാത്ര മുടക്കാനെന്ന് കുറ്റസമ്മതം

By Web TeamFirst Published Aug 17, 2019, 1:11 PM IST
Highlights

സന്ദേശത്തെ തുടര്‍ന്ന് പരിഭ്രാന്തരായ എയര്‍പോര്‍ട്ട് അധികൃതര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

ദില്ലി: വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകരസംഘടനയില്‍പ്പെട്ട യുവതിയെത്തുമെന്ന് ഭാര്യയെക്കുറിച്ച് വ്യാജസന്ദേശം പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലാണ് നസീറുദ്ദീന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. 29-കാരനായ നസീറുദ്ദീന്‍ ഓഗസ്റ്റ് എട്ടിനാണ് വ്യാജസന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിളിച്ചത്.

വിമാനത്താവളത്തില്‍ ബോംബ് വെയ്ക്കാന്‍ ഭീകരസംഘടനയില്‍പ്പെട്ട യുവതി എത്തുന്നെന്നായിരുന്നു ഇയാളുടെ സന്ദേശം. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ എയര്‍പോര്‍ട്ട് അധികൃതര്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് സന്ദേശം വ്യാജമാണെന്ന് മനസ്സിലായതോടെയാണ് നസീറുദ്ദീനെ അറസ്റ്റ് ചെയ്തത്. ഗള്‍ഫിലേക്ക് പോകുന്ന ഭാര്യയുടെ യാത്ര മുടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും  ഭാര്യയെ പിരിയുന്നതിലുള്ള വിഷമമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

ചെന്നൈയിലെ ബാഗ് നിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളിയായ നസീറുദ്ദീന്‍ അതേ ഫാക്ടറിയില്‍ തന്നെ ജോലി ചെയ്യുന്ന റഫിയയെയാണ് വിവാഹം കഴിച്ചത്. മെച്ചപ്പെട്ട ജോലിക്കായി റഫിയ ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുത്തിരുന്നു. 

click me!