സംശയ രോഗം; ഭര്‍ത്താവ് യുവതിയെ വീടിനകത്ത് പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

By Web TeamFirst Published Sep 21, 2020, 8:03 AM IST
Highlights

കന്യാകുമാരി ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ ഹെപ്പസിക്ക് ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. 

കന്യാകുമാരി: സംശയ രോഗത്തെ തുടര്‍ന്ന് കന്യാകുമാരിയില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വീട് അകത്ത് നിന്ന് പൂട്ടിയിട്ടാണ് യുവാവ് യുവതിയെ കസേരയില്‍ കെട്ടിയിട്ടാണ് തീകൊളുത്താന്‍ ശ്രമിച്ചത്.   കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും വാതില്‍ തല്ലിപൊളിച്ചാണ് യുവതിയെ  രക്ഷിച്ചത്. വീടിന്‍റെ വാതില്‍ ചവിട്ടിപൊളിച്ച് പൊലീസ് രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ അലറി കരയുകയായിരുന്നു ഹെപ്പ്സി. കൈയ്യും കാലും കസേരയില്‍ ചേര്‍ത്ത് കെട്ടി വായില്‍ തുണിതിരുകി കയറ്റിയ നിലയിലായിരുന്ന ഹെപ്പസിയുടെ ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു.

കന്യാകുമാരി ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ ഹെപ്പസിക്ക് ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് ഹെപ്പസിയെ ക്രൂരമായി മര്‍ദിച്ച സുരേഷ് പിന്നീട് വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതിയെ കെട്ടിയിടുകയായിരുന്നു. വായില്‍ തുണിതിരുകിയ ശേഷം കന്നാസില്‍ വാങ്ങിവച്ചിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചു. വലിയ ശബ്ദത്തില്‍ ടിവി വച്ചിട്ടായിരുന്നു മര്‍ദ്ദനം. 

സുരേഷിന്‍റെ അമ്മയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു ക്രൂരമര്‍ദ്ദനം. അസാധാരണ രീതിയില്‍ വലിയ ശബദ്ത്തോടെ ടിവിയുടേയും ഒപ്പം യുവതിയുടെയും കരച്ചില്‍ കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് കുളച്ചല്‍ പൊലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പട്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ഹെപ്പസിയെ ഭര്‍ത്താവ് സുരേഷ് തീകൊളുത്തിയേനെ. കത്തി കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടി. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ സുരേഷിനെതിരെ കേസ് എടുത്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെപ്പസിക്ക് കൗണ്‍സിലിങ്ങും ഏര്‍പ്പാടാക്കി.

click me!