
ഇടുക്കി: വളകോട്ടിൽ ഭർതൃവീട്ടിൽ ഇരുപത്തിയെട്ടുകാരി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻ വീട്ടിൽ ജോബിഷിനെയാണ് പീരുമേട് ഡിവൈഎസ്പി അറസ്റ്റു ചെയ്തത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
ഏലപ്പാറ ഹെലിബറിയ സ്വദേശി എംകെ ഷീജ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിൻറെ വീട്ടിൽ ആത്മഹത്യ ചെയ്തത്. സ്ത്രീധന ബാക്കിയെച്ചൊല്ലി ഭർത്താവ് ജോബീഷും മാതാപിതാക്കളും പീഡിപ്പിച്ചതാണ് അത്മഹത്യക്ക് കാരണമെന്ന് കാണിച്ച് ഷീജയുടെ വീട്ടുകാർ ഉപ്പുതറ പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പീരുമേട് ഡിവൈ എസ്പി ജെ കുര്യാക്കേസ് അന്വേഷണം ഏറ്റെടുത്തു. ഷീജയുടെ വീട്ടുകാരുടെ മൊഴികൾ രേഖപ്പെടുത്തി ശേഷം ജോബിഷിനെ ചോദ്യം ചെയ്തു. തുടന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീധന ബാക്കിയായ രണ്ടു പവൻ സ്വർണത്തെച്ചൊല്ലി പലതവണ ജോബീഷ് ഷീജയെ മർദ്ദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷീജക്ക് നൽകിയ സ്വർണ്ണത്തിൽ ഒരു ഭാഗം ഉപ്പുതറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോബീഷ് പണയം വെച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോബീഷിൻറെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷം ഇവരെയും അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്ത ജോബീഷിനെ പീരുമേട് ഹാജരാക്കി റിമാൻറ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷിൻറെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തു മാസം മുമ്പായിരുന്നു ജോബീഷിൻറെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറു പവൻ സ്വർണവും ജോബീഷിന് കൈമാറി. ബാക്കിയുള്ള രണ്ടു പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് ബന്ധുക്കൾ മൊഴി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബീഷിൻറെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും ഷീജയെ മാനസികമായും പീഡിപ്പിച്ചിരുന്നു. ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തുന്ന ജോബീഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇതേ തുടര്‍ന്ന് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. 34 ദിവസം കഴിഞ്ഞാണ് ജോബീഷ് തിരികെ വിളിക്കാനെത്തിയത്. തിരികെ പോയ ശേഷമാണ് പെൺകുട്ടി ജീവനൊടുക്കിയത്.
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam