Latest Videos

'ഇരുമ്പ് വടികൊണ്ട് മര്‍ദ്ദനം'; മുത്തലാഖിന് എതിരെ വിധി നേടിയ വീട്ടമ്മയെ ആക്രമിച്ച് ഭര്‍ത്താവ്

By Web TeamFirst Published Oct 13, 2021, 11:00 AM IST
Highlights

മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ച ഭര്‍ത്താവിന് എതിരെ ഖദീജ നിയമപോരാട്ടം നടത്തിയിരുന്നു. തുടര്‍ന്ന് ഖദീജയ്ക്ക് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.

ഇടുക്കി: മുത്തലാഖ് (muthalaq) വിധി നേടി ഭര്‍തൃവീട്ടില്‍ കഴിയുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ആക്രമണം. ഇടുക്കി (idukki)  കൊന്നത്തടി സ്വദേശി ഖദീജയെയാണ് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്. മാരകമായി പരിക്കേറ്റ ഖദീജ ഐസിയുവിൽ കഴിയുകയാണ്. ആക്രമിച്ച ഭര്‍ത്താവ് പരീത് ഒളിവിലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് കൊന്നത്തടി സ്വദേശി ഖദീജയെ ഇരുമ്പ് വടികൊണ്ട് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്. തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം സാരമായി പരിക്കേറ്റ ഖദീജ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിന് എതിരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മുത്തലാഖ് നിരോധന നിയമപ്രകാരം ഖദീജ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്. തുടര്‍ന്ന് ഇരുവര്‍ക്കും അവകാശപ്പെട്ട വീട്ടിൽ ഖദീജ താമസിക്കുകയായിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെ ഖദീജ ഇറങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് പരീത് നിരന്തരം ഭീഷണപ്പെടുത്തിയിരുന്നു. ഇതിനെതിരെ കളക്ടര്‍ക്കും പൊലീസിനും ഖദീജ പരാതി നൽകിയതോടെയായിരുന്നു ആക്രമണം. പരീത് ഒളിവിലെന്നാണ് വെള്ളത്തൂവൽ പൊലീസിന്‍റെ വിശദീകരണം. എന്നാൽ പരീതുമായി പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് മകൻ കമറുദീന്‍ പറയുന്നത്. അമ്മയ്ക്ക് ഭീഷണിയുണ്ടെന്ന് പലകുറി പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നും കമറൂദീൻ ആരോപിക്കുന്നു.

click me!