ആനാട് സുനിത കൊലക്കേസ്: ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ 

By Web TeamFirst Published Jan 17, 2023, 8:48 PM IST
Highlights

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിയ്ക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം

തിരുവനന്തപുരം : ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടു കൊന്ന് സെപ്റ്റിക് ടാങ്കില്‍ തളളിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിയെ കോടതി ജീവപര്യന്തം കഠിന തടവിനും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധിക തടവ് അനുഭവിയ്ക്കണം. ജീവപര്യന്ത തടവിന് പുറമേ തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.

2013 ആഗസ്റ്റ് മൂന്നിനാണ് സുനിയുടെ ശരീര ഭാഗങ്ങള്‍ വീട്ടിലെ സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തിയത്. സുനിതയെ ഭർത്താവ് ജോയി ആൻറെണി ചുട്ടുകൊന്ന് പല കഷണങ്ങളാക്കി സെപ്റ്റിക്ക് ടാങ്കിലിട്ടുവെന്നാണ് പൊലീസിന്റെ കുറ്റപത്രം. എന്നാൽ ജോയ്, കൊല്ലപെടുത്തി പല കഷ്ണങ്ങളായി സെപ്റ്റി ടാങ്കിൽ ഉപേക്ഷിച്ചത് സുനിതയാണെന്ന് തെളിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധന ഫലം പൊലീസ് കുറ്റപത്രത്തോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതോടെ കൊല്ലപ്പെട്ടത് സുനിതയാണെന്ന് തെളിയിക്കാൻ രേഖകളൊന്നുമില്ലെന്ന് പ്രതിഭാഗം വാദിച്ചു. വിചാരണ വേളയിൽ പൊലീസിൻെറ വീഴ്ച പുറത്തുവന്നതോടെ കോടതിയിടപെട്ട് മക്കളുടെ ഡിഎൻഎ ടെസ്റ്റ് നടത്തിയാണ് മരിച്ചത് സുനിതയെന്ന് സ്ഥിരീകരിച്ചത്.  

പെരിന്തല്‍മണ്ണയിലെ തപാല്‍ വോട്ട് സൂക്ഷിക്കുന്നതില്‍ ഉദ്യാഗസ്ഥര്‍ക്കുണ്ടായത് ഗുരുതര വീഴ്ച;അന്വേഷണ റിപ്പോര്‍ട്ട്

അതേ സമയം, തിരുവനന്തപുരത്ത് മറ്റൊരു തട്ടിപ്പ് കേസ് ഇന്ന് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ വഴി പരിചയപ്പെട്ട യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജ ഭവൻ വീട്ടിൽ  ശ്രീകണ്ഠൻ മകൻ വിഷ്ണു എസ് ( 25) വിനെ കോട്ടയം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 2018 മുതൽ കടുത്തുരുത്തി സ്വദേശിയായ യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും, വില കൂടിയ മൊബൈൽ ഫോണും, അനുബന്ധ സാധനങ്ങളും തട്ടിയെടുക്കുകയായിരുന്നു. ഇയാൾ 2018 ൽ സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാവിന് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും യുവാവുമായി ചങ്ങാത്തത്തിലാവുകയുമായിരുന്നു. തുടർന്ന് യുവാവിന് യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട് നഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുകയും യുവാവിന്റെ  നഗ്നഫോട്ടോ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് ഈ ഫോട്ടോകൾ കുടുംബത്തിനും വീട്ടുകാർക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. 

click me!