
ബ്രസീല്‍: ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ച ഭാര്യയെ ലൈംഗികബന്ധത്തിനിടെ യുവാവ് കഴുത്തറുത്തുകൊന്നു. ബ്രസീലിലെ സാവോ പോളോയിലെ വാര്‍സെ പോളിസ്റ്റയില്‍ കഴിഞ്ഞ വർഷം ഡിസംബർ 22നായിരുന്നു അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. മൂന്നാമത്തെ കുഞ്ഞിനെ ചൊല്ലിയുള്ള ദമ്പതികളുടെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ 21കാരനായ മാര്‍സെലോ അറൗജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
22 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാന്‍സിന്‍ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം രാത്രി ലൈംഗികബന്ധത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് മാര്‍സെലോ ഫ്രാന്‍സിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇരുവർക്കും രണ്ട് വയസ്സുള്ള മകളും നാല് വയസ്സുള്ള മകനുമുണ്ട്. മൂന്നാമതൊരു കുഞ്ഞിനെകൂടി വേണ്ടെന്നും അതിനെ നശിപ്പിച്ചുകളയണമെന്നും മാര്‍സെലോ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. മൂന്നാമതൊരു കുഞ്ഞും കൂടി കുടുംബത്തിൽ വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും ഇത്ര ചെറുപ്പത്തിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കാൻ താൻ തയ്യാറല്ലെന്നും മാര്‍സെലോ ഭാര്യയോട് വിശദീകരിച്ചിരുന്നു.
ക്രിസ്തുമസ് ദിനത്തിലെ ഡിന്നറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ഫ്രാൻസിൻ താൻ ഗർഭിണിയാണെന്ന കാര്യം മാർസെലോയെ അറിയിക്കുന്നത്. പിന്നാലെ കുഞ്ഞിനെചൊല്ലി ദമ്പതികൾ തമ്മിൽ തർക്കത്തിലായി. എന്നാൽ, മാർസെലോയുടെ ആവശ്യം അംഗീകരിക്കാൻ ഫ്രാന്‍സിന്‍ തയ്യാറായിരുന്നില്ല. താൻ ഗർഭച്ഛിദ്രത്തിന് തയ്യാറാവില്ലെന്നും ഫ്രാൻസിൻ വ്യക്തമാക്കി. ഇതിൽ പ്രകോപിതനായ മാർസെലോ ഭാര്യയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. കുറച്ച് സമയത്തിനുശേഷം വഴക്ക് അവസാനിപ്പിച്ച് ദമ്പതികൾ കിടപ്പുമുറിയിലേക്ക് പോയി. രാത്രിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മാർസെലോ മുറിയില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് ഫ്രാൻസിനെ കുത്തി പരിക്കേൽപ്പിക്കുകയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറക്കുകയുമായിരുന്നു.
കൊലപാതകത്തിനുശേഷം മാർസെലോ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കഴുത്തും കൈത്തണ്ടയും ബ്ലേഡ് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് അപകടനില തരണം ചെയ്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് പ്രതി പൂര്‍ണമായും കുറ്റം സമ്മതിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam