വിദ്യാർത്ഥികളുടെ ജീവിതം തകരുന്ന മറ്റൊരു ദുരന്തം കൂടി ഒഴിവാക്കണമെന്ന് അധ്യാപകന്റെ കുടുംബത്തിന്റെ അപേക്ഷ കൂടി കണക്കിലെടുത്താണ് പ്രതികൾക്കെതിരെ നിയമനടപടി ഒഴിവാക്കിയത്.

ജോർജ്ജിയ: എല്ലാ കൊല്ലവും വിദ്യാർത്ഥികൾ ഒപ്പിക്കുന്ന പതിവ് പ്രാങ്കിനിടെ അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കില്ല. ജോർജ്ജിയയിൽ ടോയ്ലെറ്റ് പേപ്പർ പ്രാങ്കിനിടെയാണ് കണക്ക് അധ്യാപകനായ ജേസൺ ഹ്യൂസ് അബദ്ധത്തിൽ വാഹനം ഇടിച്ച് മരിച്ചത്. അധ്യാപകന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളുടെ തമാശയ്ക്കിടെയാണ് അബദ്ധത്തിൽ അപകടമുണ്ടായത്. വീടിന് സമീപത്തെ മരങ്ങളിലും ടോയ്ലെറ്റ് പേപ്പർ തൂക്കിയിടുന്ന തമാശയൊപ്പിക്കാനെത്തിയ വിദ്യാർത്ഥികളെ പിടികൂടാൻ അധ്യാപകൻ പുറത്തിറങ്ങിയതോടെ വിദ്യാർത്ഥികൾ അവരുടെ വാഹനങ്ങളിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ തെന്നി വീണ അധ്യാപകന്റെ മുകളിലൂടെ വിദ്യാർത്ഥികളിലൊരാളുടെ കാർ കയറിയിറങ്ങുകയായിരുന്നു. 40കാരനായ ജേസൺ ഹ്യൂസ് എന്ന അധ്യാപകൻ മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിക്കെതിരെ കൊലപാതകക്കുറ്റവും അതിക്രമിച്ചു കടന്നതിനും കേസെടുത്തിരുന്നു. മറ്റ് നാല് പേർക്കെതിരെ നിസാരമായ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

വിദ്യാർത്ഥികളുടെ ജീവിതം തകരുന്ന മറ്റൊരു ദുരന്തം കൂടി ഒഴിവാക്കണമെന്ന് അധ്യാപകന്റെ കുടുംബത്തിന്റെ അപേക്ഷ കൂടി കണക്കിലെടുത്താണ് പ്രതികൾക്കെതിരെ നിയമനടപടി ഒഴിവാക്കിയത്. കുടുംബത്തിന്റെ കരുണയ്ക്കും ക്ഷമയ്ക്കും വിദ്യാർത്ഥിയുടെ അഭിഭാഷകൻ നന്ദി പറഞ്ഞു. ജേസൺ ഹ്യൂസ് അഭിമാനിക്കുന്ന തരത്തിലുള്ള ഒരു ജീവിതം നയിക്കാൻ തന്റെ കക്ഷി പ്രതിജ്ഞാബദ്ധനാണെന്നും അഭിഭാഷകൻ ഉറപ്പ് നൽകി. തന്നോട് തമാശ കാണിക്കാൻ വിദ്യാർത്ഥികൾ എത്തുമെന്ന് ഗണിതശാസ്ത്ര അധ്യാപകനായിരുന്ന ഹ്യൂസ് നേരത്തെ അറിഞ്ഞിരുന്നു. അവർ മരങ്ങൾക്ക് മുകളിലൂടെ ടോയ്‌ലറ്റ് പേപ്പർ എറിയുമ്പോൾ അവരെ പിടികൂടി അമ്പരപ്പിക്കാനായി അദ്ദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.

എന്നാൽ മഴ പെയ്ത് നനഞ്ഞു കിടന്ന തറയിൽ ഹ്യൂസ് തെന്നിവീണു. വിദ്യാർത്ഥികൾ രണ്ട് കാറുകളിലായി അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, ഒരു കാർ അബദ്ധത്തിൽ അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഹ്യൂസിനെ ഇടിച്ച പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്ന 18 കാരനായ ജെയ്‌ഡൻ റയാൻ വാലസും മറ്റ് രണ്ട് പേരും ഉടൻ തന്നെ വണ്ടി നിർത്തി അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. പിന്നീട് ആംബുലൻസിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഹ്യൂസിനെതിരെയുള്ള കുറ്റപത്രങ്ങൾ ഒഴിവാക്കിയതായി ഹാൾ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ലീ ഡാരാഗ് സ്ഥിരീകരിച്ചു.

അധ്യാപികയും ജേസൺ ഹ്യൂസിന്റെ ഭാര്യയുമായ ലോറ ഹ്യൂസ്, വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കുന്നതിനെ പൂർണ്ണമായി പിന്തുണയ്ക്കുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവായ തന്റെ ഭർത്താവ് വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവനായിരുന്നുവെന്നും, ആ തമാശയെക്കുറിച്ച് അദ്ദേഹം ആവേശഭരിതനായിരുന്നുവെന്നും അവർ പ്രതികരിച്ചത്. സംഭവിച്ചത് വലിയ ദുരന്തമാണ്. രണ്ട് കുട്ടികളുടെ ജീവിതം നശിപ്പിച്ചുകൊണ്ട് മറ്റൊരു ദുരന്തം കൂടി ഉണ്ടാകുന്നത് തടയാൻ ഞങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നു. കുട്ടികളുടെ ജീവിതത്തിനായി സ്വയം സമർപ്പിച്ച ജേസന്റെ തത്വങ്ങൾക്ക് വിരുദ്ധമായിരിക്കും അങ്ങനെയൊന്ന് ചെയ്യുന്നതെന്നാണ് അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം