
ദില്ലി: ശ്രദ്ധാ കൊലക്കേസിൽ പ്രതി അഫ്താബ് അമീൻ പൂനാവാലയുടെ പുതിയ കാമുകിയെ പൊലീസ് ഏറെ നേരം ചോദ്യം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടിയാണ് സൈക്യാട്രിസ്റ്റായ കാമുകിയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ, കൊലപാതക വിവരം താൻ അറിഞ്ഞിരുന്നില്ലെന്നും മൃതദേഹം അഫ്താബിന്റെ വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ ഉണ്ടായിരുന്നത് അറിയില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ശ്രദ്ധയെ കൊലപ്പെടുത്തി കഷണങ്ങളാക്കി സൂക്ഷിച്ച വീട്ടിൽ രണ്ടു തവണയാണ് പോയത്. എന്നാൽ കൊലപാതകം നടന്ന സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഒരു മോതിരം അഫ്താബ് സമ്മാനമായി നൽകി. സംശയിക്കത്തക്കതായി അഫ്താബിൽ ഒന്നുമുണ്ടായിരുന്നില്ലെന്നും തന്നെ നന്നായി കെയർ ചെയ്തെന്നും ഡോക്ടറായ ഇവർ പൊലീസിനോട് പറഞ്ഞു.
പെർഫ്യൂമുകളുടെ വലിയശേഖരം അഫ്താബിനുണ്ടായിരുന്നു. താനും പെർഫ്യൂമാണ് അഫ്താബിന് സമ്മാനമായി നൽകിയത്. ഡേറ്റിങ് സമയത്തൊന്നും അഫ്താബിനു മാനസിക പ്രശ്നമുള്ളതായി തോന്നിയിട്ടില്ല. നന്നായി പുകവലിച്ചിരുന്നു. സ്വയം ചുരുട്ടി സിഗരറ്റുകളാണ് വലിച്ചിരുന്നത്. പുകവലി അവസാനിപ്പിക്കുകയാണെന്ന് തന്നോട് പറഞ്ഞിരുന്നു. കണ്ട സമയത്തെല്ലാം അഫ്താബ് വിവിധതരം നോൺ–വെജ് ഭക്ഷണങ്ങൾ ഓർഡർ ചെയ്തിരുന്നു. മുംബൈയിലെ വീടിനെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നുവെന്നും യുവതി മൊഴി നൽകി.
യുവതി ഇപ്പോഴും നടുക്കത്തിലാണെന്ന് പൊലീസ് പറഞ്ഞു. മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി യുവതിക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ഒക്ടോബറിലാണ് ഇവർ രണ്ടുതവണ അഫ്താബിനെ ഫ്ലാറ്റിലെത്തി കണ്ടത്. കൊല്ലപ്പെട്ട ശ്രദ്ധയുടെ മോതിരമാണ് പുതിയ കാമുകിക്ക് അഫ്താബ് സമ്മാനിച്ചതെന്നും സൂചനയുണ്ട്. വിവിധ ഡേറ്റിങ് ആപ്പുകളിലൂടെ ഇരുപതോളം യുവതികളുമായി അഫ്താബിന് ബന്ധമുണ്ടായിരുന്നു. ശ്രദ്ധയെ കൊലപ്പെടുത്തി 12 ദിവസത്തിന് ശേഷമാണ് അഫ്താബ് പുതിയ കാമുകിയെ കണ്ടെത്തിയതും വീട്ടിലേക്ക് ക്ഷണിച്ചതും. അറസ്റ്റിലായ അഫ്താബിനെ നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam