
ഡൽഹി: ലിവ് ഇൻ പങ്കാളിയിൽ നിന്ന് 13കാരിയായ മകളെ രക്ഷിക്കണം. സഹോദരിയുടെ സഹായത്തോടെ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി യുവതി. കൊലപാതകത്തിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലോണിയിലുള്ള ട്രോണിക്ക സിറ്റിയിലാണ് ക്രൂരമായ ഈ കൊലപാതകം നടന്നത്. ബുലന്ദ്ഷഹർ സ്വദേശിനിയായ കിരൺ (32), ഇവരുടെ അനിയത്തി കാശിഷ് (21) എന്നിവരാണ് സക്കീർ (38) എന്ന വ്യക്തിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. ജൂൺ 23നായിരുന്നു കൊലപാതകം നടന്നത്. സക്കീറിന്റെ സഹോദരൻ സമീർ ഖാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ 12 മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ കണ്ടെത്തുകയായിരുന്നു.
മുൻ വിവാഹത്തിൽ മൂന്ന് കുട്ടികളുള്ള കിരൺ കഴിഞ്ഞ നാല് വർഷമായി സക്കീറുമായി സൗഹൃദത്തിലായിരുന്നു. എന്നാൽ എട്ട് മാസങ്ങൾക്ക് മുമ്പാണ് ഇവർ ലോണിയിലുള്ള ഇയാളുടെ വീട്ടിലേക്ക് ഒപ്പം താമസിക്കാനായി മാറുന്നത്. കിരണിന്റെ 13 വയസ്സുള്ള മകളും രണ്ട് ആൺമക്കളും ഇവർക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി സക്കീറിന് പ്രായപൂർത്തിയാകാത്ത മകളോട് മോശം ഉദ്ദേശ്യങ്ങളുണ്ടെന്ന് കിരൺ സംശയിച്ചിരുന്നു. ഇയാൾ മകളെ ലൈംഗികമായി ചൂഷണം ചെയ്യുമോ എന്ന ഭയത്തെത്തുടർന്നാണ് സക്കീറിനെ കൊലപ്പെടുത്താൻ കിരൺ തീരുമാനിക്കുന്നത്. ഇതിനായി 20 ദിവസം മുമ്പ് ബുലന്ദ്ഷഹറിൽ നിന്നും അനിയത്തി കാശിഷിനെ കിരൺ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കാര്യങ്ങൾ വിശദമാക്കുകയും ചെയ്തു. ജൂൺ 23ന് ഉച്ചയ്ക്ക് സക്കീറിന്റെ ഫോൺ ഉപയോഗിച്ച് കിരൺ ഒരു ടാക്സി വിളിച്ച് വരുത്തുകയും തന്റെ മൂന്ന് മക്കളെയും അതിൽ കയറ്റി പുറത്തേക്ക് വിടുകയും ചെയ്തു. കുട്ടികൾ പോയതിന് പിന്നാലെ കിരണും സഹോദരിയും ചേർന്ന് സക്കീറിന്റെ തലയ്ക്ക് വടികൊണ്ട് അടിച്ചു. അടി കൊണ്ട് സക്കീർ അബോധാവസ്ഥയിലായതിനെത്തുടർന്ന് ഇരുവരും ചേർന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ ഇവർ മൃതദേഹം ഫാനിൽ കെട്ടിത്തൂക്കുകയും ഫാനിന്റെ ബ്ലേഡുകൾ വളയ്ക്കുകയും ചെയ്തു.
ഇതിനുശേഷം കിരണും സഹോദരിയും ഉറക്കെ നിലവിളിച്ച് അയൽക്കാരെ കൂട്ടുകയും സക്കീർ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ സക്കീറിന്റെ സഹോദരൻ സമീറിനെ വിളിച്ച് വിവരമറിയിച്ച ശേഷം ഇവർ സക്കീറിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാർ ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. തുടർന്ന് നടന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് സക്കീറിന്റെ മരണം ശ്വാസം മുട്ടിയാണെന്നും തലയിൽ ആഴത്തിലുള്ള പരിക്കുണ്ടെന്നും കണ്ടെത്തിയത്. ഇതോടെ സക്കീറിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും കിരണിനെയും അനിയത്തിയെയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരും പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച വടിയും തുണിയും പൊലീസ് സംഭവസ്ഥലത്തു നിന്നും കണ്ടെടുത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam