
ബങ്ക: 26കാരിയായ മകളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും മകളെ കാണാതായെന്നും സംശയമുണ്ടെന്നും മാതാപിതാക്കളുടെ പരാതി. യുവതിയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ പൊലീസിനോട് ഒരു തരത്തിലും സഹകരിക്കാതെ ഭർതൃവീട്ടുകാർ. ഒടുവിൽ തിരച്ചിലിൽ 26കാരിയുടെ വീട്ടുകാർ കണ്ടെത്തിയത് വെട്ടി നുറുക്കിയ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ആൺ കുട്ടിക്ക് ജന്മം നൽകാത്തതിന് പിന്നാലെ നടന്ന ക്രൂര ആക്രമണത്തിന് പിന്നാലെയാണ് മൂന്ന് പെൺമക്കളുടെ അമ്മയായ 26 കൊല്ലപ്പെട്ടത്. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. പ്രിയങ്ക കുമാരി എന്ന 26കാരിയുടെ മൃതദേഹഭാഗങ്ങളാണ് തെരച്ചിലിൽ കണ്ടെത്തിയത്.
ഗാർഹിക പീഡനത്തിന് പിന്നാലെയുണ്ടായ കൊലപാതകത്തിൽ യുവതിയുടെ ഭർത്താവും ഭർതൃ മാതാവും ഇവരുടെ പ്രായപൂർത്തിയാകാത്ത ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. മതിഹാനി ഗ്രാമവാസിയായ സുഖ്ദേവ് പണ്ഡിറ്റിന്റെ മകളായ പ്രിയങ്കയെ 2021ലാണ് വിവേക് പണ്ഡിറ്റിന് വിവാഹം കഴിച്ച് നൽകിയത്. ഈ ദമ്പതികൾക്ക് നാല് വയസ്സും മൂന്ന് വയസ്സുമുള്ള രണ്ട് പെൺകുട്ടികളും ഒൻപത് മാസം പ്രായമുള്ള ഒരു പെൺകുഞ്ഞുമുണ്ട്. തുടർച്ചയായി പെൺകുഞ്ഞുങ്ങൾ ജനിച്ചതിനെച്ചൊല്ലി പ്രിയങ്കയുടെ ഭർത്താവും വീട്ടുകാരും അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. ഭർത്താവും ഭർതൃപിതാവും മദ്യപിച്ചെത്തി മകളെ പതിവായി മർദ്ദിച്ചിരുന്നതായും ഭർതൃമാതാവും ഭർതൃ സഹോദരിയും മാനസികമായി പീഡിപ്പിച്ചിരുന്നതായും സുഖ്ദേവ് പണ്ഡിറ്റ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച രാവിലെയാണ് പ്രിയങ്കയെ കാണാനില്ലെന്ന വിവരമറിഞ്ഞതിനെത്തുടർന്ന് പിതാവ് ജലേബിയാമോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. മകളുടെ കാണാതാകലിന് പിന്നിൽ ഭർത്താവിന്റെ വീട്ടുകാരാണെന്ന് സുഖ്ദേവ് പണ്ഡിറ്റ് സംശയിച്ചിരുന്നു. പരാതി നൽകി മണിക്കൂറുകൾക്ക് ഉള്ളിലാണ് ദുംരഹറിൽ നിന്നും യുവതിയുടെ തല കണ്ടെത്തിയ വിവരം അറിയുന്നതും തുടർന്ന് പിതാവും സഹോദരനും ചേർന്ന് അത് പ്രിയങ്കയുടേതാണെന്ന് തിരിച്ചറിയുന്നതും.ദുംരഹർ ഗ്രാമത്തിലെ ഒരു ചെറിയ നദീതീരത്ത് നിന്നാണ് പ്രിയങ്ക കുമാരിയുടെ വെട്ടിമാറ്റിയ തലയും രക്തം പുരണ്ട വസ്ത്രങ്ങളും ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. നദീതീരത്ത് ഒന്നരയടിയോളം ആഴത്തിൽ മണ്ണിൽ കുഴിച്ചിട്ടിരുന്ന തല ഒരു നായ പുറത്തെടുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി ശരീരം പലഭാഗങ്ങളാക്കി മാറ്റിയതാണെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് വികാസ് പണ്ഡിറ്റ്, അമ്മായിയമ്മ വിംല ദേവി, ഭർത്താവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പ്രതികളായ മറ്റു കുടുംബാംഗങ്ങൾ നിലവിൽ ഒളിവിലാണ്, ഇവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴുത്തറുത്ത് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam