
ദേവികുളം: ലോക്ഡൗണില്‍ നിരോധനാജ്ഞ ലംഘിച്ച് മൂന്നാറില്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ പൂജാരിക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രോണ്‍ പരിശോധനയിലാണ് പൂജ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വനത്തിലൂടെ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ നിന്ന് ആളുകള്‍ എത്തുന്നുണ്ടോ എന്നറിയാനായിരുന്നു ഡ്രോണ്‍ പരിശോധന.
മൂന്നാര്‍ ഗുണ്ടള എസ്റ്റേറ്റിലെ ക്ഷേത്രത്തിലായിരുന്നു പൂജ. നിരവധിയാളുകളും പൂജയ്ക്ക് എത്തിയിരുന്നു. പൊലീസെത്തി ആളുകളെ ഒഴിപ്പിച്ച ശേഷം പൂജാരിക്കെതിരെ കേസെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്നും ആളുകള്‍ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഈ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ഡ്രോണ്‍ പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്ന് വനത്തിലൂടെ അനധികൃതമായി അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ നാല് പേരെ പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി.
മൂന്നാര്‍ ടോപ്‌സ്റ്റേഷന്‍, വട്ടവട, പഴത്തോട്ടം, കോവിലൂര്‍ എന്നിവിടങ്ങളില്‍ വനത്തിലൂടെ തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് നിരവധി വഴികളുണ്ട്. പ്രധാന പാതകളില്‍ പരിശോധന കര്‍ശനമാക്കിയതോടെ കാട്ടുവഴിയിലൂടെ ആളുകള്‍ പോകുന്നത് കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രോണ്‍ പരിശോധന തുടങ്ങിയത്. രാത്രിയിലും പരിശോധന കര്‍ശനമാക്കിയെന്നും വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam