
മലപ്പുറം: ചങ്ങരംകുളത്ത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനെ ഹോട്ടലുകളിൽ കയറി പരിശോധന നടത്തുകയായിരുന്ന യുവാവിനെ ജീവനക്കാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. എടപ്പാൾ സ്വദേശിയായ രജീഷി (43)നെയാണ് പോലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് സംഭവം. സംസ്ഥാന പാതയോരത്തെ റെസ്റ്റോറന്റുകളിൽ കയറി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ പരിശോധന തുടർന്നത്. പരിശോധനക്കെത്തിയ യുവാവ് മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് ഇയാളെ ചോദ്യം ചെയ്തത്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാൾ ജീവനക്കാരോട് പറഞ്ഞത്. ഉദ്യോഗസ്ഥ തലങ്ങളിൽ നിന്ന് അത്തരം ഒരു പരിശോധനക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാർ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ കാണിച്ച ഐ ഡി കാർഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകൾ ചങ്ങരംകുളം പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറഞ്ഞത്. ഇതോടെ ചങ്ങരംകുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read Also: ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam