വിദ്യാർത്ഥിയുടെ കർണപടം അടിച്ചു തകർത്തതടക്കം 18 പരാതികൾ, തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് ക്രൈംബ്രാഞ്ച് നിയമനം

By Web TeamFirst Published Aug 24, 2022, 5:59 PM IST
Highlights

അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചതിന് പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം

തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചതിന് പിരിച്ചുവിട്ട ശേഷം സർവ്വീസിൽ തിരിച്ചെടുത്ത ഇൻസ്പെക്ടർക്ക് വീണ്ടും നിയമനം. കാസർഗോഡ് ക്രൈം ബ്രാ‍ഞ്ചിലാണ് നിയമനം നൽകിയത്. തൊടുപുഴ സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ശ്രീമോനെയാണ് ഗുരുതര ആരോപണങ്ങളെ തുടർന്ന് പിരിച്ചുവിട്ടത്. 

അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മർദ്ദനം എന്നീ ആരോപണങ്ങളിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജിലൻസും സംസ്ഥാന ഇൻറലിജൻസു നടത്തിയ അന്വേഷണത്തെ തുടർന്നാണ് ശ്രീമോനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടത്. ഉത്തരമേഖല ഐജിയായിരുന്ന അശോക് യാദവാണ് പിരിച്ചുവിട്ടത്. 

ശ്രീമോൻ നൽകിയ അപ്പീലിനെ തുടർന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയസാക്കറെയാണ് ശ്രീമോനെ തിരിച്ചെടുത്തത്. തെളിയിക്കപ്പെട്ട ആരോപണങ്ങള്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ആധാരമായവ അല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു തിരിച്ചെടുത്തത്.

തൊടുപുഴ സി ഐ ആയിരുന്ന എന്‍ ജി ശ്രീമോന്‍ 2017 ജുലൈയില്‍ കെ എസ് യു മാർച്ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സിവില്‍ കേസിന്‍റെ പേരില്‍ ശ്രീമോന്‍ ഭീക്ഷണിപെടുത്തി പണം ആവശ്യപെടുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചന്‍ വർക്കി ഹൈക്കോടതിയെ സമീപിക്കുന്നത്. 

ബേബിച്ചന്‍റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്പൈൻഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.വിജിലൻസ് ഐ ജി എച്ച് വെങ്കിടേഷ് നടത്തിയ ഈ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിദ്യാർഥിളെ മർദിച്ചു, ഒരാളുടെ കര്‍ണ്ണപടം തകർത്തു എന്നിവയൊണ് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍. 

Read more: അധികാര ദുർവിനിയോഗം,സ്വത്ത് സമ്പാദനം: പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു,പരാതിയുമായി കോൺഗ്രസ്

അധികാര ദുർവിനിയോഗം അനധികൃത സ്വത്ത് സന്പാദനം കസ്റ്റഡി മർദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ പിരിച്ചുവിടുകയായരുന്നു. തുടർന്ന് ശ്രീമോൻ നല്‍കിയ അപ്പീലിന് ഒടുവിലാണ് ശ്രീമോനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. ശ്രീമോന്‍റെ സി പി എം ബന്ധമാണ് തിരിച്ചെടുക്കാന്‍ കാരണമായി കോൺഗ്രസ് ആരോപിക്കുന്നത്.

tags
click me!